കൊച്ചി : തൃക്കാക്കരയിൽ വോട്ടിംഗ് പൂർത്തിയായി. 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. സിപിഐഎം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് യുഡിഎഫും എൻഡിഎയും ഉയർത്തുന്നത്. സിപിഐഎം കള്ളവോട്ട് ചെയ്താലും എൻഡിഎ വിജയിക്കുമെന്ന് സ്ഥാനാർത്ഥി എ എന്‍ രാധാകൃഷ്ണൻ പ്രതികരിച്ചു. കള്ളവോട്ടിന് സാഹചര്യം ഒരുക്കിയത് മുഖ്യമന്ത്രിയാണെന്നും തൃക്കാക്കരയിൽ ലോക്കൽ കമ്മിറ്റി തലത്തിൽ രഹസ്യയോഗം ചേർന്നത് ഇതിന് വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാജ ഐഡി കാർഡ് നിർമ്മിച്ചുകൊണ്ടാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ ആരോപിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മുംബൈയിലുള്ള ആളുടെ പേരിലാണ് കള്ള വോട്ട് നടന്നത്. ആളെ വിളിച്ചപ്പോൾ വരില്ലെന്നാണ് അറിയിച്ചിരുന്നത്. ഒരു ഐഡി കാർഡ് മാത്രമായി നിർമ്മിക്കില്ലല്ലോ. അപ്പോൾ സിപിഐഎം വ്യാപകമായി വ്യാജ ഐഡി കാർഡ് നിർമ്മിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പിറ്റി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് ഉറപ്പിച്ച് പറയുന്നത്. കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്നും തൃക്കാക്കരയിൽ പക്ഷേ അത് നടക്കില്ലെന്നും പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ രംഗത്തെത്തിയിരുന്നു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തിൽ യുഡിഎഫിൻ്റെ തകർച്ച പൂർണ്ണമാകും. ഇടതുപക്ഷം വൻ വിജയം നേടും. വി ഡീ സതീശൻ പറയുന്നത് ആരെങ്കിലും കണക്കിൽ എടുക്കുമോയെന്നും ഇപി ജയരാജൻ ചോദിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പൊന്നുരുളി 66-ാം വാർഡിൽ കള്ളവോട്ടിനുള്ള ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പ്രിസൈഡിംഗ് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആൽബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. തൃക്കാക്കരയിലെ പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂള്‍ ബൂത്തിലാണ് കള്ളവോട്ടിന് ശ്രമം നടന്നത്. സ്ഥലത്തില്ലാത്ത സഞ്ജു ടി എസ് എന്ന വ്യക്തിയുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാൻ ശ്രമിച്ചത്.
തൃക്കാക്കരയിൽ 68.64 ശതമാനം പോളിംഗ്; വിജയപ്രതീക്ഷയിൽ മുന്നണികൾ
jibin
0
Tags
Top Stories