മോദി സര്‍ക്കാരിന് 8 വയസ്; 2024 ലക്ഷ്യമിട്ട് ബിജെപി, മോദി തന്നെ നായകന്‍? ഗ്രാമ നഗര വ്യത്യാസമില്ലാതെ മഹാസമ്പർക്കം




ന്യൂഡൽഹി : മോദി ഭരണത്തിന് ഇന്ന് 8 വയസ് തികയും. ഗ്രാമ നഗര വ്യത്യാസമില്ലാതെ വരുന്ന രണ്ടാഴ്ച ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ മഹാസമ്പർക്കം നടത്താനാണ് ബിജെപിയുടെ തീരുമാനം.

 വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിലും മോദിതന്നെ നായകനെന്ന സന്ദേശമാണ് ആഘോഷ പരിപാടികളിലൂടെ ബിജെപി നല്‍കുന്നത്. ഇന്ന് മുതല്‍ രണ്ടാഴ്ചകാലം രാജ്യത്തിന്‍റെ മുക്കിലും മൂലയിലും മോദി ഭരണത്തിന്‍റെ നേട്ടങ്ങള്‍ ചര്‍ച്ചയാക്കാനാണ് ബിജെപിയുടെ ശ്രമം. കേന്ദ്രമന്ത്രിമാര്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെ ചുരുങ്ങിയത് എഴുപത്തഞ്ച് മണിക്കൂര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചാരണത്തിലേര്‍പ്പെടും. 

കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ഇന്ന് മോദി നിര്‍വഹിക്കും. നാളെ ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ റോഡ്ഷോയിലും പ്രധാനമന്ത്രി പങ്കെടുക്കും. 

നാളെ മുതല്‍ കേന്ദ്രമന്ത്രിമാരുടെ പടയാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെത്തുക. കേരളത്തില്‍ തിരുവനന്തപുരം ട്യൂബര്‍ ക്രോപ്സ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിപാടിയില്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പങ്കെടുക്കും.

2019 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ കൈവിട്ട 140 സീറ്റുകളാണ് ഇത്തവണ പ്രത്യേകം ശ്രദ്ധ വയക്കുന്നത്. ഈ മണ്ഡലങ്ങളില്‍ നേട്ടം കൊയ്യാന്‍ വിപുലമായ പദ്ദതികളാണ് ദില്ലിയില്‍ തയാറായിരിക്കുന്നത്. മിഷന്‍ വണ്‍ഫോര്‍ട്ടിയുമായി മുന്നോട്ട് പോകുമ്പോഴും പൊതുവിപണിയിലെ വിലക്കയറ്റം സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കുന്നുണ്ട്.

 അതേസമയം മോദി മാത്രമാണ് നായകനെന്ന സന്ദേശം ജനങ്ങളിലേക്ക് ഊട്ടിയുറപ്പിക്കുകയാണ് ഓരോ പരിപാടിയുടെയും ലക്ഷ്യം. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണങ്ങള്‍ക്ക് എട്ടാം വാര്‍ഷിക ആഘോഷങ്ങള്‍ തുടക്കമിടുകയാണെന്ന് സാരം.

Previous Post Next Post