വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് എ ആര്‍ ക്യാമ്പിലെത്തിച്ച പി സി ജോര്‍ജിനെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി മുരളീധരന് അനുമതി നിഷേധിച്ചു.


 പൊലീസ് അനുമതി നിഷേധിച്ചതിന് എതിരെ മന്ത്രി രൂക്ഷ വിമര്‍ശനം നടത്തി. 'വിശദാംശങ്ങള്‍ നേരിട്ട് ചോദിച്ചറിയാനാണ് എത്തിയത്'.

യൂത്ത് ലീഗ് ഒരു പരാതി കൊടുത്താല്‍ അപ്പോള്‍ അറസ്റ്റ് ചെയ്യും; ആരെ പ്രീണിപ്പിക്കാനാണ് ഈ നീക്കമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

വി മുരളീധരന്‍റെ വാക്കുകള്‍.....

അഭിപ്രായസ്വാതന്ത്യമുള്ള നാടാണ് നമ്മുടെ നാട്. രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കാന്‍ അടക്കം ഈ നാട്ടില്‍ സ്വാതന്ത്യം കൊടുക്കണമെന്ന് പറയുന്നവരുണ്ട്, ദില്ലി യൂണിവേഴ്സിറ്റിയില്‍ കണ്ടതാണ് അത്. 

ഈ രാജ്യത്തെ വെട്ടിനുറക്കാന്‍ വേണ്ടി മുദ്രാവാക്യം വിളിക്കുന്ന ആളുകള്‍ക്ക്, ആ മുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്യമുണ്ടെന്ന് നിലപാടെടുത്തവരാണ് സിപിഎമ്മുകാര്‍. പിസിജോര്‍ജ് പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായം. 

ഈ രാജ്യത്ത് ആര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്യമുണ്ടെന്ന് ഇത്രയും കാലം പറഞ്ഞിരുന്നവരാണ് സിപിഎമ്മുകാര്‍. അദ്ദേഹം ആരെയും വെട്ടിക്കൊന്നിട്ടില്ല. മനുഷ്യരെ അരിഞ്ഞുതള്ളിയവരെ അറസ്റ്റ് ചെയ്യാന്‍ കാണിക്കാത്ത ധൈര്യം പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ കേരളത്തിലെ സര്‍ക്കാര്‍ എന്തിന് കാണിക്കുന്നു. 

ഇസ്ലാമിക ഭീകരവാദികള്‍ അരിഞ്ഞുതള്ളിയ ശ്രീനിവാസന്‍റെ കൊലപാതകികളെ മുഴുവന്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. യൂത്ത് ലീ​ഗിന്‍റെ പരാതിയിലാണ് അറസ്റ്റെന്ന് പറയുന്നത്. യൂത്ത് ലീ​ഗ് പരാതിപ്പെട്ടാല്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആരെയും അറസ്റ്റ് ചെയ്യും. ബിജെപിക്കാരെ വെട്ടിക്കൊന്നാല്‍ ചോദിക്കാനുമില്ല പറയാനുമില്ല. 

കേന്ദ്രമന്ത്രിക്ക് പിസി ജോര്‍ജിനെ കാണാന്‍ അനുവാദമില്ല, എന്നാല്‍ യൂത്ത് ലീ​ഗ് ഒരു പരാതി കൊടുത്താല്‍ അറസ്റ്റ് ചെയ്യും. ഇരട്ടനീത് കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകും. ആരെ പ്രീണിപ്പിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും വ്യക്തമായി മനസിലാകും.
Previous Post Next Post