വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി, ജാമ്യം റദ്ദാക്കി, ശിക്ഷ നാളെ പ്രഖ്യാപിക്കും






കൊല്ലം : വിസ്മയ കേസില്‍ കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. സുപ്രീം കോടതി അനുവദിച്ച ജാമ്യം ജാമ്യം റദ്ദാക്കി. ആത്മഹത്യാ പ്രേരണാക്കുറ്റവും സ്ത്രീധന പീഡനവും തെളിഞ്ഞു. കിരണിനുളള ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെഎന്‍ സുജിത്താണ് വിധി പറയുന്നത്. കേസില്‍ ഏക പ്രതി വിസ്മയയുടെ ഭര്‍ത്താവ് പോരുവഴി സ്വദേശി കിരണാണ്. 

വിസ്മയയുടെ മരണം സംഭവിച്ച് 11 മാസത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ജനുവരി പത്താം തീയതിയാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. 41 സാക്ഷികളും 120 രേഖകളും 12 തൊണ്ടി മുതലുകളുമാണ് കോടതിക്ക് മുമ്പിലെത്തിയത്. വിസ്മയയുടെ വാട്‌സാപ്പ് ചാറ്റുകളും ശബ്ദ സന്ദേശങ്ങളും കേസില്‍ നിര്‍ണായകമായി.

സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന് ,നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിരുന്നത്‌.

 കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് കിരണ്‍ വിസ്മയയെ നിരന്തരം ആക്രമിക്കുമായിരുന്നുവെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു. കിരണിന്റെ നിരന്തരമായ പീഡനത്തെച്ചുറിച്ചുള്ള വിഷമങ്ങള്‍ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വാട്സാപ്പ് സന്ദേശങ്ങളായി വിസ്മയ അയച്ചിരുന്നു. 

സൈബർ വിദഗ്ദരുടെ സഹായത്തോടെ ഈ സന്ദേശങ്ങളെല്ലാം ശേഖരിച്ച് കുറ്റപത്രത്തിനൊപ്പം തെളിവുകളായി പ്രോസിക്യൂഷൻ കോടതിയിലെത്തിച്ചിരുന്നു. ഇതിനിടെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കിരണ്‍ കുമാറിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. 

കിരണ്‍ കുമാറില്‍ നിന്നും മര്‍ദ്ദനമേറ്റ പാടുകള്‍ വിസ്മയ വാട്‌സാപ്പാലൂടെ അമ്മയ്ക്ക് അയച്ച് നല്‍കിയിരുന്നു. കിരണിന്റെ വീട്ടില്‍ ഇനി തുടരാനാകില്ലെന്നും ഇനിയും ഇവിടെ നിന്നാല്‍ തന്നെ ജീവനോടെ കാണില്ലെന്നും വിസ്മയ അച്ഛനോട് പറയുന്ന ശബ്ദ സന്ദേശങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.

 2021 ജൂൺ 21 നാണ് വിസ്മയയെ കിരണിൻറെ ശാസ്താംകോട്ട ശാസതാംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചിമുറിയിലെ ജനൽ കമ്പിയിൽ വിസ്മയ തൂങ്ങി നിൽക്കുക ആയിരുന്നുവെന്നാണ് കിരൺ പോലീസിന് നൽകിയ മൊഴി.


Previous Post Next Post