പൊറോട്ട പൊതിയിൽ പാമ്പിൻ തോലും മാംസവും; തിരുവനന്തപുരത്ത് ഹോട്ടൽ പൂട്ടിച്ചു



 പ്രതീകാത്മക ചിത്രം
 

തിരുവനന്തപുരം: നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിൽ പാമ്പിന്റെ അവശിഷ്ടം. നെടുമങ്ങാട് ചന്തമുക്കിൽ പ്രവർത്തിക്കുന്ന ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് പാമ്പിന്റെ അവശിഷ്ടം കണ്ടെത്തിയത്. 

നെടുമങ്ങാട് പൂവത്തൂർ സ്വദേശിയായ പ്രിയ തന്റെ മകൾക്ക് നൽകാനായി രണ്ട് പൊറോട്ട വാങ്ങിയിരുന്നു. ഈ പൊറോട്ടകൾ പൊതിഞ്ഞ കടലാസിനകത്താണ് പാമ്പിന്റെ തോലും അൽപ്പം മാംസവും കണ്ടെത്തിയത്. പേപ്പറിലും പൊറോട്ടയിലുമായി പാമ്പിന്റെ അവശിഷ്ടങ്ങൾ ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. 

പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി പൊറോട്ടയുടെ പകുതി കഴിച്ചിരുന്നു. ബാക്കി അമ്മയോട് കഴിച്ചോളാൻ പറഞ്ഞു. കഴിക്കാനായി പൊതി എടുത്തപ്പോഴാണ് പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടത്. ഉടൻ തന്നെ ഇവർ പരാതിയുമായി നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതരുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ പൊലീസുകാരാണ് പ്രിയയോട് ആവശ്യപ്പെട്ടത്.

പിന്നാലെ ഭക്ഷ്യസുരക്ഷാ അധികൃതർ സ്ഥലത്തെത്തി പൊതി പരിശോധിച്ചു. പറ്റിപ്പിടിച്ച അവശിഷ്ടങ്ങൾ പാമ്പിന്റേത് തന്നെയാണെന്ന് അവർ ഉറപ്പാക്കി. പിന്നാലെ അധികൃതരെത്തി പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചു. 


Previous Post Next Post