പാലാ : കോട്ടയം പാലാ പൂവരണിയിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച രണ്ടു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പാലാ മീനച്ചിൽ കുളിര്പ്ളാക്കൽ ജോയിസി (35) നെയാണ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാജീവ് ബി.നായരുടെ നേതൃത്വത്തിലുള്ള എക്സൈസ് സ്ട്രൈക്കിങ്ങ് ഫോഴ്സും കമ്മിഷണർ സ്ക്വാഡ് അംഗം ഉള്ളപ്പെട്ട പാലാ റേഞ്ച് ടീമും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച അർദ്ധരാത്രിയ്ക്ക് ശേഷമായിരുന്നു കേസിനാസ്പദമായ സംഭവം. പാലാ പൂവരണിയിൽ വീട് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപ്പന നടക്കുന്നതായി എക്സൈസ് കമ്മിഷണർ സ്ക്വാഡിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ദിവസങ്ങളോളമായി എക്സൈസ് സംഘം പ്രദേശത്ത് നിരീക്ഷണം നടത്തി വരികയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ വീട്ടിൽ വിൽപ്പനയ്ക്കുള്ള കഞ്ചാവ് വൻ തോതിൽ എത്തിയതായി വിവരം ലഭിച്ചത്.
തുടർന്ന് എക്സൈസ് സംഘം വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഇതേ തുടർന്ന് വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. പാലാ , കിടങ്ങൂർ , മീനച്ചിൽ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവാണ് പിടിച്ചെടുത്തതെന്നു എക്സൈസ് സംഘം അറിയിച്ചു. പാലാ എക്സൈസ് റേഞ്ച് ഓഫിസിൽ കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.