വിദ്വേഷ പ്രസംഗം പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്'; പി സി ജോര്‍ജിന് ജാമ്യം



മത വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി  സി ജോര്‍ജിന് (p c george) ഉപാധികളോടെ ജാമ്യം.  മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഹിന്ദു മഹാപരിഷത്തിന്‍റെ തിരുവനന്തപുരത്ത് വെച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്നലെയായിരുന്നു പി സി ജോര്‍ജ് വിവാദപ്രസംഗം നടത്തിയത്.  പ്രസംഗം മറ്റു സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. വലിയ പ്രതിഷേധം പിസി ജോര്‍ജ്ജിനെതിരെ ഉണ്ടായി. പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദേശ പ്രകാരം ഫോര്‍ട്ട് പൊലീസ് കേസെടുത്തത്. ഹിന്ദു മുസ്ലീം വൈര്യം ഉണ്ടാക്കുന്ന രീതിയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലും പ്രകോപനപരമായി പ്രസംഗിച്ചതിനാണ് കേസെന്ന് എഫ്ഐറില്‍ വ്യക്തമാക്കിയിരുന്നു.


Previous Post Next Post