ബുക്കര്‍ പ്രൈസ് ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌


ലണ്ടന്‍: 2022 ലെ ബുക്കര്‍ പ്രൈസ് ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌. ഹിന്ദിയിൽ നിന്നുള്ള പരിഭാഷയ്ക്ക് ഇതാദ്യമായാണ് ബുക്കർ സമ്മാനം ലഭിക്കുന്നത്. ഗീതാഞ്ജലിയുടെ 'രേത് സമാധി' എന്ന ഹിന്ദി നോവലിന്‍റെ ഇംഗ്ലീഷ് പരിഭാഷയായ 'ടോമ്പ് ഓഫ് സാന്‍ഡ്' (Tomb of sand) എന്ന പുസ്തകമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഡെയ്‌സി റോക്ക് വെല്‍ ആണ് പുസ്തകം പരിഭാഷ ചെയ്തത്. സമ്മാനത്തുകയായ $63,000 ഗീതാജ്ഞലിയും ഡെയ്‌സി റോക്ക്‌വെല്ലും പങ്കിടും. ഇന്ത്യ വിഭജനത്തിന്‍റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ടോമ്പ് ഓഫ് സാന്‍ഡ്. ഒരു 80കാരിയുടെ ജീവതമാണ് നോവലിന്‍റെ പ്രമേയം. 2018ൽ പ്രസിദ്ധീകരിച്ച രേത് സമാധിയാണ് ഇംഗ്ലീഷിലേക്ക് തർജമ ചെയ്തത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് ബുക്കർ പുരസ്‌കാരം പ്രഖ്യാപിച്ചത്. യുപിയിലെ മെയിന്‍പുരിയില്‍ ജനിച്ച അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ ഇതുവരെ നാല് നോവലുകളും നിരവധി കഥകളും എഴുതിയിട്ടുണ്ട്. യുകെയിലോ അയര്‍ലണ്ടിലോ പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യുന്ന പുസ്തകങ്ങളാണ് എല്ലാവര്‍ഷവും ബുക്കര്‍ പ്രൈസിനായി പരിഗണിക്കുന്നത്. ടോമ്പ് ഓഫ് സാന്‍ഡിനൊപ്പം ബോറ ചുംഗിന്‍റെ 'കേസ്ഡ് ബണ്ണി', ജോണ്‍ ഫോസ്സിന്‍റെ 'എ ന്യൂ നെയിം: സെപ്‌റ്റോളജി VI-VII', മൈക്കോ കവാകാമിയുടെ ഹെവന്‍, ക്ലോഡിയ പിയോറോയുടെ 'എലീന നോസ്', ഓള്‍ഗ ടോകാര്‍സുക്കിന്‍റെ 'ദ ബുക്‌സ് ഓഫ് ജേക്കബ്' എന്നിവയാണ് അവസാന റൗണ്ടില്‍ മത്സരത്തിനുണ്ടായിരുന്നു മറ്റ് പുസ്തകങ്ങള്‍."ഒരു 80 വയസ്സുകാരിയുടെ ജീവിതത്തിലേക്കും അതിശയിപ്പിക്കുന്ന ഭൂതകാലത്തിലേക്കും നോവൽ നമ്മെ നയിക്കുന്നു. നിരന്തരം മാറിക്കൊണ്ടിരിക്കുന്ന കാഴ്ച്ചപ്പാടുകളും സമയപരിധികളുമാണ് ഗീതാഞ്ജലി ശ്രീ വരച്ചുകാട്ടുന്നതെന്ന്" നോവൽ ബുക്കർപ്രൈസിനായി പരിഗണിക്കവെ വിധി കർത്താക്കൾ പറഞ്ഞു. ഡെയ്‌സി റോക്ക്‌വെൽ നോവലിന്‍റെ ആന്മാവറിഞ്ഞാണ് വിവ‍‍ർത്തനം ചെയ്തതെന്നും വിധിക‍ർത്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. പുസ്തകം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ സാധിച്ചത് അഭിമാനകരമാണെന്നായിരുന്നു മത്സരവേളയിൽ റോക്ക്‌വെലിന്‍റെ പ്രതികരണം.

Previous Post Next Post