വൈദ്യുത പ്രതിസന്ധിയില്‍ കേരളത്തിന് തിരിച്ചടി; കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല


വൈദ്യുത പ്രതിസന്ധിയില്‍ കേരളത്തിന് തിരിച്ചടി. ജാബുവ, എന്‍ടിപിഎല്‍, ഡിവിസി എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി കേരളത്തിന് ഈ ആഴ്ചയും ലഭിക്കില്ല. 
ഈ നിലയങ്ങളില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മൂന്നു മണിക്കൂറിലധികം നിയന്ത്രണമുള്ള സംസ്ഥാനങ്ങള്‍ക്ക് നല്‍കാനാണ് നിര്‍ദേശം. 78മെഗാവാട്ട് വൈദ്യുതിയാണ് ഇവിടങ്ങളില്‍ നിന്ന് കേരളത്തിന് ലഭിക്കേണ്ടത്.

വൈദ്യുതി പ്രതിസന്ധി നേരിടാന്‍ താപനിലയങ്ങളിലേക്കുള്ള കല്‍ക്കരി നീക്കം ഊര്‍ജിതമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വലിയ അളവില്‍ കല്‍ക്കരി നീക്കം പുരോഗമിക്കുന്നതായി റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ ത്രിപാഠി അറിയിച്ചു.
കൂടുതല്‍ റെയില്‍വേ റാക്കുകള്‍ ഓടിക്കുന്നുണ്ടെന്നും പാസഞ്ചര്‍ ട്രെയിനിനേക്കാള്‍ പരിഗണന കല്‍ക്കരി വഹിച്ചുകൊണ്ട് പോകുന്ന റെയില്‍വേ റാക്കുകള്‍ക്കാണ് നല്‍കുന്നതെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
അതേസമയം, രാജ്യതലസ്ഥാനത്തെ വൈദ്യുതി സാഹചര്യത്തെ കുറിച്ച് ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. 
ഡല്‍ഹിക്ക് വൈദ്യുതി എത്തിക്കുന്ന അഞ്ച് താപനിലയങ്ങളിലും ആവശ്യത്തിന് കല്‍ക്കരി സ്‌റ്റോക്കുണ്ടെന്ന് ഊര്‍ജ മന്ത്രി ആര്‍.കെ. സിംഗ് വ്യക്തമാക്കി. ഇത്അ സംബന്ധിച്ച് അതൃപ്തി അറിയിച്ച് കേന്ദ്രമന്ത്രി ഡല്‍ഹി സര്‍ക്കാരിന് കത്തയച്ചു.
ഊര്‍ജപ്രതിസന്ധി രാജ്യത്ത് അതിരൂക്ഷമായി തുടരുകയാണ്. വിവിധതാപവൈദ്യുതനിലയങ്ങള്‍ കല്‍ക്കരിയില്ലാതെപ്രവര്‍ത്തനം നിര്‍ത്തി വയ്‌ക്കേണ്ട സാഹചര്യത്തിലാണ്.
രാജ്യത്താകെ 62.3കോടി യൂണിറ്റ് വൈദ്യുതിയുടെ ക്ഷാമമാണ് ഉള്ളതെന്നാണ് ഒടുവിലായി പുറത്ത് വന്ന റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശ്, ഡല്‍ഹി, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, ഒഡിഷ, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

Previous Post Next Post