നഷ്ടപരിഹാരങ്ങളുടെ കാര്യത്തില്‍ മുസ്ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ഇടയിലെ വിവേചനം ഒഴിവാക്കാന്‍ സൗദി

 


റിയാദ്: വിവിധ കേസുകളിലും മറ്റും നഷ്ടപരിഹാരം ലഭ്യമാക്കുന്ന കാര്യത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയിലും മുസ്ലിംകള്‍ക്കും അല്ലാത്തവര്‍ക്കും ഇടയിലും നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കാന്‍ സൗദി. സിവില്‍ നടപടിക്രമങ്ങളെ കുറിച്ചുള്ള കരട് നിയമത്തില്‍ ഇതുമായി ബന്ധപ്പെട്ട ഒരു ഖണ്ഡിക എഴുതിച്ചേര്‍ക്കാനാണ് തീരുമാനം. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തതാണിക്കാര്യം ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലുള്ള കരട് സിവില്‍ നടപടിക്രമ നിയമത്തില്‍ ഈ വിവേചനം അവസാനിപ്പിക്കുന്നതായി കാണിച്ച് ഒരു ഖണ്ഡിക കൂട്ടിച്ചേര്‍ക്കണമെന്ന് കൗണ്‍സില്‍ അംഗങ്ങളായ ലത്തീഫ അല്‍ ശാലം, ഫൈസല്‍ അല്‍ ഫാദില്‍, അത്ത അല്‍ സുബൈത്തി എന്നിവരാണ് ആവശ്യപ്പെട്ടതെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസുകളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്ന വിഷയത്തില്‍ ലിംഗത്തിന്റെയോ മതത്തിന്റെയോ മറ്റേതെങ്കിലും വിഷയത്തിലോ ഉള്ള വിവേചനം പാടില്ലെന്ന വാചകം കൂടി കരട് നിയമത്തില്‍ ഉള്‍പ്പെടുത്താനാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2021 ഫെബ്രുവരിയില്‍ സൗദി കിരീടാവകാശി പ്രഖ്യാപിച്ച സുപ്രധാന നിയമങ്ങളിലൊന്നാണ് സിവില്‍ ട്രാന്‍സാക്ഷന്‍സ് നിയമം. രാജ്യത്തെ നിയമസംവിധാനങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നിയമം കൊണ്ടുവരുന്നതെന്ന് അന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടു പിടിച്ചാണ് നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ലിംഗത്തിന്റെയും മതത്തിന്റെയും മറ്റും പേരിലുള്ള വിവേചനപരമായ രീതിയകള്‍ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍ മുന്നോട്ടുവന്നിരിക്കുന്നത്. കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കള്‍ക്ക് ലഭിക്കുന്ന ബ്ലഡ് മണി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഇടയിലും മുസ്ലിംകളും അല്ലാത്തവര്‍ക്കും ഇടയിലും വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇത്തരമൊരു വിവേചനം മറ്റേതെങ്കിലും അറബ് രാജ്യത്തോ മറ്റു വിദേശ രാജ്യത്തോ നിലവിലില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ടവര്‍ക്കു പകരമായി വാങ്ങുന്ന നഷ്ടപരിഹാരത്തെ കുറിച്ചുള്ള ഖുര്‍ആന്‍ സൂക്തത്തില്‍ ഇത്തരമൊരു വിവേചനത്തെ കുറിച്ച് പറയുന്നില്ല. ഇസ്ലാമിക നിയമങ്ങളെ കാലാനുസൃതമായി വ്യാഖ്യാനിച്ചാണ് ഇത്തരമൊരു നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും സമൂഹത്തില്‍ സഹിഷ്ണുതാ മനോഭാവം ശക്തിപ്പെടുത്താന്‍ തങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതി സഹായകമാവുമെന്നും അവര്‍ പറഞ്ഞു.

Previous Post Next Post