ആലപ്പുഴ: ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍, ജാഗ്രത തുടരുന്ന ആലപ്പുഴയില്‍ വീണ്ടും പ്രകോപനം സൃഷ്ടിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യം.
റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയില്‍ സംഘടിപ്പിച്ച ജനമഹാസമ്മേളനത്തോടും മാര്‍ച്ചിനോടും അനുബന്ധിച്ച് ജില്ലയില്‍ ശക്തമായ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. പ്രദേശത്ത് ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സുരക്ഷയൊരുക്കിയിരുന്നത്.
കഴിഞ്ഞ ദിവസം കല്ലുപാലത്ത് നിന്ന് ബീച്ചിലേക്കാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ മാര്‍ച്ചും ബഹുജന റാലിയും നടന്നത്. റാലിക്കിടെയാണ് ഒരു പ്രവര്‍ത്തകന്റെ തോളത്തിരുന്ന കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇത് മറ്റു പ്രവര്‍ത്തകര്‍ ഏറ്റുവിളിക്കുകയും ചെയ്തു.
ഹിന്ദു-ക്രിസ്ത്യന്‍ വിഭാഗങ്ങളെ ലാക്കാക്കിയാണ് പ്രകോപനപരമായ മുദ്രാവാക്യമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൊച്ചുകുട്ടിയെ കൊണ്ട് പ്രകോപന മുദ്രാവാക്യം വിളിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.