ഹിജാബ് ധരിച്ച സ്ത്രീകള്‍ക്ക് സൗദിയിലെ ഫ്രഞ്ച് ഹോട്ടലില്‍ വിലക്ക്; വ്യാപക പ്രതിഷേധം

 


റിയാദ്: മുസ്ലിം സ്ത്രീകള്‍ ധരിക്കുന്ന മുഖാവരണമായ ഹിജാബ് ധരിച്ചെത്തുന്ന സ്ത്രീകള്‍ക്കും സൗദിയിലെ പരമ്പരാഗത വേഷമായ തൗബ് അണിഞ്ഞെത്തുന്ന പുരുഷന്‍മാര്‍ക്കും പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ജിദ്ദയിലെ ഫ്രഞ്ച് റെസ്റ്റൊറന്റ്. രാജ്യത്തിന്റെ വിശ്വാസവും പാരമ്പര്യവും അംഗീകരിക്കാത്ത റെസ്റ്റൊറന്റിന്റെ നടപടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മക്കയും മദീനയും ഉള്‍പ്പെടുന്ന ഇസ്ലാമിന്റെ ഒട്ടേറെ പുണ്യപ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്ന സൗദിയില്‍ ഇത്തരമൊരു സംഭവം ആദ്യത്തെതാണ്. ഹോട്ടലിന്റെ നടപടിക്കെതിരേ സാമൂഹിക മാധ്യമ ഉപയോക്താക്കളും ശക്തമായി രംഗത്തുണ്ട്. പ്രാദേശിക സംസ്‌ക്കാരത്തെ അവഹേളിക്കുന്ന രീതിയില്‍ നിലപാട് കൈക്കൊണ്ട റെസ്റ്റൊറന്റിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ഇവരില്‍ പലരുടെയും ആവശ്യം. ഇസ്ലാമിന്റെ കേന്ദ്രമായി അറിയപ്പെടുന്ന സൗദിയില്‍ ഇസ്ലാമിനെ അവഹേളിച്ചിരിക്കുകയാണ് സ്ഥാപനമെന്നും റെസ്റ്റൊറന്റിനെതിരേ നടപടി വേണമെന്നും ആവര്‍ ആവശ്യപ്പെട്ടു.മതത്തെയും സംസ്‌ക്കാരത്തെയും ബഹുമാനിക്കാത്ത റെസ്റ്റൊറന്റിനെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ഫെയ്‌സ്ബുക്ക് പേജില്‍ അമീറ അല്‍ ഖഹ്ത്താനി അഭിപ്രായപ്പെട്ടു. താരീഖ് അല്‍ ഇബ്‌ലീഷ് എന്ന ഫെയ്‌സ്ബുക്ക് യൂസറും ഇതേ ആവശ്യമാണ് ഉന്നയിച്ചത്. എന്നാല്‍ സംഭവത്തെ കുറിച്ച് റെസ്റ്റൊറന്റ് ഉടമകളോ സൗദി അധികൃതരോ പ്രതികരിച്ചിട്ടില്ല. നേരത്തേ സമാനമായ സംഭവം ബഹ്‌റൈനില്‍ നടന്നത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഹിജാബ് ധരിച്ചെത്തിയ വനിതയ്ക്ക് പ്രവേശനം നിഷേധിച്ച പ്രമുഖ ഇന്ത്യന്‍ റെസ്റ്റോറെന്റിനെതിരേ ആയിരുന്നു പ്രതിഷേധം. ഹിജാബ് അണിഞ്ഞ സ്ത്രീയെ ഹോട്ടല്‍ ജീവനക്കാരന്‍ പ്രവേശന കവാടത്തില്‍ തടഞ്ഞ് മടക്കി അയക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി അന്ന് പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെ റെസ്‌റ്റൊറന്റ് അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഹിജാബ് ധരിച്ചെത്തിയ വനിതയെ തടഞ്ഞത് ഒരു ഹോട്ടല്‍ ജീവനക്കാരന്റെ മാത്രം നടപടിയാണെന്നും അയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും സംഭവത്തില്‍ മാപ്പ് ചോദിക്കുകന്നതായും പിന്നീട് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞിരുന്നു.

Previous Post Next Post