അമ്മ അധ്യാപികയായിരുന്നു, ഞങ്ങൾക്കുവേണ്ടി ജോലി ഉപേക്ഷിച്ചു; മാതൃദിനത്തിൽ ഉണ്ണി മുകുന്ദൻ



 

മാതൃദിനത്തിൽ മനോഹരമായ കുറിപ്പുമായി യുവതാരം ഉണ്ണി മുകുന്ദൻ.

 തന്റെ അമ്മയുടെ പോരാട്ടത്തെക്കുറിച്ചാണ് താരം കുറിച്ചത്. സ്കൂൾ ടീച്ചറായിരുന്നു ഉണ്ണിയുടെ അമ്മ. അഹമ്മദാബാദിലേക്ക് മാറിയതോടെ മക്കളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടിവന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. 

ഹിന്ദിയും ​ഗുജറാത്തിയും അമ്മ ഒറ്റയ്ക്ക് പഠിച്ചെടുക്കുകയായിരുന്നെന്നും തന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചത് അമ്മയാണെന്നുമാണ് ഉണ്ണി കുറിക്കുന്നത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

ഉണ്ണി മുകുന്ദന്റെ കുറിപ്പ് ഇങ്ങനെ...

സന്തോഷം നിറഞ്ഞ മാതൃദിനാശംസകൾ. ഈ ദിനം അമ്മമാർക്ക് മാത്രമല്ല പ്രിയപ്പെട്ടവരുടെ നല്ല ജീവിതത്തിനും സുരക്ഷയ്ക്കുവേണ്ടി തന്റെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇഷ്ടങ്ങളും അനിഷ്ടങ്ങളുമെല്ലാം ഉപേക്ഷിച്ച എല്ലാവർക്കും വേണ്ടിയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ വെച്ച് ചെറുപ്പകാലത്ത് അമ്മയ്ക്കും സഹോദരിയ്ക്കുമൊപ്പം എടുത്ത ചിത്രം പങ്കുവെക്കുന്നു. തൃശൂരിൽ ജനിച്ച് തമിഴ്നാട്ടിൽ വളർന്ന് അവസാനം അഹമ്മദാബാദിൽ ജീവിച്ച എന്റെ അമ്മ എന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ്. ഉള്ളതിൽ നിന്ന് ഏറ്റവും മികച്ചതുതന്നെ അമ്മ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ഒറ്റയ്ക്ക് ഗുജറാത്തിയും ഹിന്ദിയും പഠിച്ച അമ്മ മാതൃഭാഷയുടെ യാതൊരു സ്വാധീനവുമില്ലാതെ അത് സംസാരിക്കുകയും ചെയ്യുമായിരുന്നു. തമിഴ്‌നാട്ടിൽ വളർന്നത് കൊണ്ട് തന്നെ അമ്മയ്ക്ക് തമിഴ് വഴങ്ങും. അമ്മ ഒരു സ്കൂൾ അധ്യാപികയായിരുന്നു. ഞങ്ങളെ നോക്കുന്നതിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. തെക്ക് നിന്നും വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചവർക്ക് ഇത് പെട്ടെന്ന് മനസ്സിലാകും. തൃശൂർ സ്വദേശികളായ 30 വയസുകാരായ ദമ്പതികൾക്ക് അത് അത്ര എളുപ്പമായിരുന്നില്ല, പ്രത്യേകിച്ച് അമ്മയ്ക്ക്. വെല്ലുവിളികളെ നേരിട്ട് വിജയം വരിക്കാൻ പഠിപ്പിച്ചത് അമ്മയാണ്. എല്ലാ അമ്മമാർക്കും പ്രത്യേകിച്ച് ഒന്നും മിണ്ടാതെ, ഒരു പരാതിയും പറയാതെ ഒരിക്കലും വിട്ടുകൊടുക്കാതെ പോരാടുന്നവർക്ക് എന്റെ സ്നേഹവും. - ഉണ്ണി മുകുന്ദൻ കുറിച്ചു. 

Previous Post Next Post