തിരുവനന്തപുരം : നെടുമങ്ങാട് കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു. കൊല്ലംകാവ് തത്തൻകോട് നസീറിന്റെ ഉടമസ്ഥതയിലുള്ള പൈനാപ്പിൾ എസ്റ്റേറ്റിൽ താമസിക്കുന്ന സബീനയും മകളുമാണ് അടുത്തടുത്തുള്ള കിണറുകളിൽ വീണത്.ഇന്നു രാവിലെ 11.30ഓടെയാണ് സംഭവം. മകൾ ഫൗസിയ വീടിനു സമീപത്തുള്ള കിണറ്റിൽ വീണ ശബ്ദംകേട്ട് ഓടിയ സബീന കാൽവഴുതി ഉരുണ്ട് താഴേതട്ടിലുള്ള മറ്റൊരു കിണറ്റിൽ വീഴുകയായിരുന്നു. ബഹളം കേട്ടെത്തിയ തോട്ടം തൊഴിലാളികൾ ഫൗസിയയെ രക്ഷിച്ചെങ്കിലും സബീന യെ രക്ഷിക്കാനിറങ്ങാൻ കഴിഞ്ഞില്ല. എട്ടടിവ്യാസവും പത്തടിയോളം വെള്ളവുമുള്ള ചവിട്ടടികളില്ലാത്ത കിണറിലാണ് സബീന വീണത്.ഒടുവിൽ നെടുമങ്ങാട്ടുനിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ശിവരാജന്റെ നേതൃത്വത്തിൽ അഗ്നിശമനസേന എത്തിയാണ് വീട്ടമ്മയെ രക്ഷിച്ചത്. ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങി സബീനയെ നെറ്റ് റിങ്ങിനുള്ളിലിയിരുത്തിയാണ് കയറ്റിയത്. അമ്മയെയും മകളെയും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ അനിൽകുമാർ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ വിപിൻ, നിസാം, മനോജ്, അരുൺ, ഹോം ഗാർഡ് അജി, സതീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു.
Jowan Madhumala
0
Tags
Top Stories