കാസര്‍കോട് : ഒരു നാടിന്‍റെ പേടി സ്വപ്‌നമായ കള്ളനാണ് കാസര്‍കോട് കാഞ്ഞിരപ്പൊയില്‍ കറുകവളപ്പില്‍ അശോകന്‍. വീട്ടമ്മയായ പെരളം സ്വദേശി ബിജിതയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കാട്ടിലേക്ക് മറയുകയായിരുന്നു. ഒരു നാടു മുഴുവന്‍ ആഴ്ചകളോളം കാടിളക്കി പരിശോധിച്ചിട്ടും വഴുതിപ്പോയ കള്ളന്‍ കൊച്ചി നഗരത്തില്‍ കുടുങ്ങി.
കാഞ്ഞിരപ്പൊയില്‍ തോട്ടിനാട്ടെ ചെഗുവേര ക്ലബ് പ്രവര്‍ത്തകരാണ് എറണാകുളം മറൈന്‍ ഡ്രൈവില്‍ നിന്ന് തിങ്കള്‍ വൈകിട്ട് അഞ്ചിന് അശോകനെ പൊക്കിയത്. എറണാകുളം സെന്‍ട്രല്‍ സിഐ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്. തുടര്‍ന്ന് ചൊവ്വാഴ്ച ഹൊസ്ദുര്‍ഗ് എസ്.ഐ കെ.പി സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിലെത്തി അശോകനെ കസ്റ്റഡിയില്‍ ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുടെ മുന്നില്‍ ഹാജരാക്കി വിശദമായി ചോദ്യം ചെയ്തു. പിന്നീട് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിരവധി മോഷണകേസില്‍ പ്രതിയായിരുന്ന അശോകന്‍ അടുത്തിടെയാണ് കൂടുതല്‍ അപകടകാരിയായത്. മകളെ വലിച്ചെറിഞ്ഞ് കൈയ്യൊടിച്ചതിന് ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. കവര്‍ച്ച നടത്തുക പിന്നീട് വനത്തിലേക്ക് കടക്കുക ഇതാണ് കള്ളന്‍ അശോകന്‍റെ പതിവ് രീതി. മോഷണം നടത്തി കാടു കയറുന്ന അശോകനെ നാട് ഒന്നടങ്കം അന്വേഷിക്കുമ്പോഴും ഇയാള്‍ പുറത്തെത്തി മോഷണം നടത്തി കാടുകയറുന്ന സ്വഭാവമായിരുന്നു.
ചെങ്കല്‍ കുന്നുകളുള്ള കാഞ്ഞിരപ്പൊയിലിലെ 300 ഏക്കറിലധികം വ്യാപിച്ച കാട്ടിലാണ് ഒളിവില്‍ താമസിക്കുക. പോക്‌സോ കേസിലെ പ്രതിയായ അശോകന്‍റെ പേരില്‍ വിവിധ മോഷണങ്ങള്‍ ഉള്‍പ്പടെ ഏഴ് കേസുകള്‍ നിലവിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രഭാകരന്‍ എന്നയാളുടെ വീട്ടില്‍ നിന്ന് രണ്ടേമുക്കാല്‍ പവന്‍ സ്വര്‍ണ്ണവും രണ്ട് മൊബൈല്‍ ഫോണുകളും കവര്‍ന്നതും അശോകനും കുട്ടാളിയുമായിരുന്നു. മറ്റൊരു വീട്ടില്‍ നിന്ന് 30,000 രൂപ കവര്‍ന്ന കേസുമുണ്ട്.
മാര്‍ച്ച് 9നാണ് അശോകന്‍ കാഞ്ഞിരപ്പൊയിലിലെ അനില്‍കുമാറിന്‍റെ ഭാര്യ ബിജിതയെ പട്ടാപ്പകല്‍ തലക്കടിച്ച് വീഴ്ത്തി വനത്തില്‍ മുങ്ങിയത്. സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷമാണ് കാട്ടിലേക്ക് രക്ഷപ്പെട്ടത്. പോലീസും നാട്ടുകാരും കാടടച്ച് ദിവസങ്ങളോളം അശോകനെ പിടിക്കാനായി തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
നാട്ടുകാരും പോലീസും ഉറക്കമൊഴിഞ്ഞ് രാവും പകലും തെരച്ചില്‍ തുടര്‍ന്നെങ്കിലും അശോകന്‍റെ പൊടിപോലും കാണാനായില്ല. മടിക്കൈ ഗ്രാമത്തെ വിറപ്പിച്ച കള്ളനെ നാട് അരിച്ചുപെറുക്കിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശ്രമവും വിഫലമായി. പെരളത്തെ പാറപ്രദേശത്ത് ചിതറിക്കിടക്കുന്ന രണ്ട് മീറ്ററില്‍ താഴെ മാത്രം ഉയരമുള്ള കാടാണ് ഭൂമിശാസ്ത്രം. വലിയ കല്ലുകള്‍ക്കിടയില്‍ വിള്ളലുകളുമുണ്ട്. ഇതിനിടയില്‍ തന്നെ കള്ളന്‍ പതുങ്ങിയിട്ടുണ്ടാകാമെന്നായിരുന്നു നാട്ടുകാരുടെ നിഗമനം.
മൂന്നുദിവസമാണ് ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തിയത്. മടിക്കൈ ഗ്രാമത്തിന്‍റെ ഉറക്കം കെടുത്തിയ മോഷ്ടാവിനെ പിടികൂടാന്‍ കള്ളന്റെ തന്നെ പേരില്‍ വാട്‌സ്ആപ് ഗ്രൂപ്പും ഹോസ്ദുര്‍ഗ് പൊലീസ് ആരംഭിച്ചിരുന്നു. വീട്ടമ്മയെ ക്രൂരമായി ആക്രമിച്ച് ആഭരണങ്ങള്‍ കൈക്കലാക്കി പത്തു ദിവസമായി പൊലീസും നാട്ടുകാരും ചേര്‍ന്ന് കാട്ടില്‍ തെരഞ്ഞിട്ടും കണ്ടെത്താതിനെ തുടര്‍ന്നാണ് പോലീസ് പുതിയ അടവ് പ്രയോഗിച്ചത്. അശോകന്റെ ഫോട്ടോ ഉപയോഗിച്ച് 'കള്ളന്‍ അശോകന്‍' എന്ന പേരില്‍ പോലീസ് വാട്‌സ്ആപ് ഗ്രൂപ്പ് തുടങ്ങുകയായിരുന്നു.
നാട്ടുകാരെ അടക്കം ഗ്രൂപ്പില്‍ ചേര്‍ത്തിട്ടുണ്ടെന്നുള്ളതാണ് ഏറെ കൗതുകകരമായത്. കാഞ്ഞിരപ്പൊയില്‍ തോട്ടിനാട്ടെ ചെഗുവേര ക്ലബ് പ്രവര്‍ത്തകരുടെ കണിശമായ ഇടപെടലാണ് അശോകനെ കുടുക്കാന്‍ ഇടയാക്കിയത്. പന്ത്രണ്ടംഗ സംഘം ശനിയാഴ്ചയാണ് തിരുവനന്തപുരവും കൊച്ചിയുമൊക്കെ കാണാന്‍ ഇറങ്ങിയത്. കൊച്ചി മറൈന്‍ഡ്രൈവിലെ ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ, യാദൃശ്ചികമായി രണ്ട് യുവാക്കള്‍ സംഘത്തിന്‍റെ കണ്ണിലുടക്കുകയായിരുന്നു. സംഘത്തിലൊരാള്‍ അശോകനെന്ന് മനസിലായതോടെ പാന്‍റും ഷര്‍ട്ടുമൊക്കെ ധരിച്ച അശോകന്‍റെ ചിത്രം മൊബൈലില്‍ പകര്‍ത്തി നാട്ടിലേക്ക് അയച്ചു. അശോകനെന്ന് സ്ഥിരീകരിച്ച് നാട്ടില്‍ നിന്നും സന്ദേശമെത്തിയതോടെ ചെറുപ്പക്കാര്‍ കടക്കാരനെ കാര്യം ബോധ്യപ്പെടുത്തി തന്ത്രപൂര്‍വം ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് പോലീസിനെയും അറിയിച്ചു.
കടക്കാരനെ കൊണ്ട് അശോകനെ തിരികെ വിളിപ്പിച്ച് കൈയ്യോടെ പൊക്കുകയായിരുന്നു. എറണാകുളത്ത് കേസൊന്നുമില്ലാത്തതിനാല്‍ ചൊവ്വാഴ്ച അശോകനെ കാസര്‍കോട് പോലീസിന് കൈമാറി.