കാഠ്മണ്ഡു: നേപ്പാളിൽ 22 യാത്രക്കാരുമായി കാണതായ ചെറു വിമാനം കണ്ടെത്തിയതായി റിപ്പോർട്ട്. മുസ്താങ് ജില്ലയിലെ കോവാങ്ങിൽ വിമാനം കണ്ടെത്തുകയായിരുന്നു. ലാംചെ നദിയുടെ തീരത്ത് നിന്നും തകർന്ന നിലയിലാണ് വിമാനം കണ്ടെത്തിയത് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് നേപ്പാൾ സൈനികർ കര, വ്യോമ മാർഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന 22 പേരേക്കുറിച്ചും വിവരമില്ല. സ്വകാര്യ എയർലൈൻസ് ആയ താരാ എയർ വിമാനമാണ് ഇന്ന് കാണാതായത്. വിമാനത്തിൽ നാല് ഇന്ത്യാക്കാരും അടക്കം 22 പേരായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യാക്കാർക്ക് പുറമെ, രണ്ട് ജർമൻ വംശജരും 13 നേപ്പാളി യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിങ്ങനെ നാല് ഇന്ത്യക്കാരായിരുന്നു ട്വിൻ ഒട്ടർ 9N-AET വിമാനത്തിൽ ഉണ്ടായിരുന്നതെന്ന് എയർലൈൻസ് വക്താവ് പറഞ്ഞു. ഇന്ന് പുലർച്ചെ പൊഖ്രയിൽ നിന്നും 9.55ന് പറന്നുയർന്ന വിമാനവുമായി 15 മിനിട്ടിന് ശേഷം ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരുന്നു.