തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡോക്ടര്‍ ചമഞ്ഞ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍. പൂന്തുറ മാണിക്കവിളാകം പുത്തന്‍ വീട്ടില്‍ നിഖിലിനെയാണ് മെഡിക്കല്‍ കേളേജ് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു യുവാവിന്റെ ബൈസ്റ്റാന്ററായി നിന്ന പ്രതി ഡോക്ടറാണെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പിച്ച ശേഷം സ്റ്റെതസ്‌കോപ്പും ധരിച്ച് രോഗികളെ പരിശോധന നടത്തുകയായിരുന്നു. പത്തോളം ദിവസമാണ് ഇയാള്‍ ഡോക്ടര്‍ ചമഞ്ഞ് കറങ്ങി നടന്നത്. ഇയാളുടെ ചെയ്തികള്‍ കണ്ട് സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കാലിന് പരുക്കു പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിഴിഞ്ഞം സ്വദേശിയായ റിനു എന്നയാളെ നിഖില്‍ കബളിപ്പിച്ചു. മാരകരോഗമുണ്ടെന്ന് പറഞ്ഞ് റിനുവിനെ ഇയാള്‍ പരിഭ്രാന്തനാക്കുകയും മരുന്നിനായി പണം വാങ്ങുകയും ചെയ്തു. ആള്‍മാറാട്ടം നടത്തി പണം തട്ടിയതിന് ആശുപത്രി ചീഫ് സെക്യൂരിറ്റി ഓഫിസര്‍ നസറുദ്ദീനാണ് പൊലീസില്‍ പരാതി നല്‍കിയത്. നിഖിലിനെതിരെ ആള്‍മാറാട്ടം, വഞ്ചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പും ഇയാള്‍ സമാനമായ തട്ടിപ്പ് നടത്തിയിരുന്നു.