ന്യൂഡല്‍ഹി: സിനിമാ സ്റ്റൈലില്‍ കാര്‍ തടഞ്ഞുനിര്‍ത്തി സഹോദരങ്ങള്‍ക്കുനേരെ വെടിവയ്പ്പ്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുഭാഷ് നഗറില്‍ ശനി വൈകുന്നേരമായിരുന്നു സംഭവം. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കുറഞ്ഞത് 10 തവണയെങ്കിലും വെടിയുതിര്‍ത്തിട്ടുണ്ടെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ഡല്‍ഹിയിലെ കേശോപുര്‍ മണ്ഡിയുടെ മുന്‍ ചെയര്‍മാനായ അജയ് ചൗധരി, സഹോദരന് ജസ്സ ചൗധരി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ചികിത്സയില്‍ തുടരുന്ന ഇരുവരുടെയും നില ഗുരുതരമാണ്. അക്രമികളില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാനാണ് പ്രതി ആക്രമണം നടത്തിയതെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
തിഹാര്‍ സ്വദേശികളായ സഹോദരങ്ങള്‍ ഇരുവരും ബന്ധുവിനെ സന്ദര്‍ശിക്കാന്‍ ആശുപത്രിയിലേക്കു പോകവെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. തിരക്കേറിയ സുഭാഷ് നഗര്‍ ഇന്റര്‍സെക്ഷനില്‍ എത്തിയപ്പോഴാണ് കാറിനു നേരെ വെടിയുതിര്‍ത്ത് മൂന്നുപേര്‍ എത്തിയത്.