മഞ്ജു വാര്യരെ ഭീഷണിപ്പെടുത്തി ; സംവിധായകൻ സനൽകുമാർ ശശിധരൻ അറസ്റ്റിൽ






കൊച്ചി : നടി മഞ്ജു വാര്യരെ സോഷ്യൽമീഡിയയിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുകയും അപവാദപ്രചരണം നടത്തുകയും ചെയ്ത കേസിൽ സംവിധായകൻ സനൽ കുമാർ‍ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തു. 

മഞ്ജു വാര്യരുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തന്നെ പിടികൂടാനെത്തിയത് പോലീസല്ലെന്നും മഞ്ജു തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും ഫേസ്ബുക്ക് ലൈവിലെത്തി സനൽകുമാർ വ്യക്തമാക്കുന്ന വീഡിയോയും വൈറലായിട്ടുണ്ട്.

 എന്നാൽ ലൈവ് വീഡിയോയുടെ അവസാനം പോലീസ് ഇയാളെ കൊണ്ടുപോകുന്നതും ഫോൺ ഓഫ് ചെയ്യിക്കുന്നതും കാണാനാകുന്നുണ്ട്. തനിക്ക് ജീവന് ഭീഷണിയുള്ളതിനാൽ കുറച്ചുനാളായി തമിഴ്നാട്ടിൽ സഹോദരിയോടൊപ്പമായിരുന്നുവെന്നും സനൽ കുമാർ ലൈവ് വീഡിയോ മധ്യേ പറയുന്നുണ്ട്. കുറച്ചു ദിവസങ്ങളായി തുടർ‍ച്ചയായി സോഷ്യൽമീഡിയയിലൂടെ അപവാദ പ്രചരണം നടത്തുകയും പിന്തുടർന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് മഞ്ജു ഇയാൾക്കെതിരെ പോലീസിൽ പരാതിപ്പെട്ടത്. 

മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ചില നിക്ഷിപ്ത താല്‍പര്യമുള്ളവരുടെ കസ്റ്റഡിയിലാണെന്നും ഇയാൾ കുറിച്ചിരുന്നു.  മാനേജര്‍മാരായ ബിനീഷ് ചന്ദ്രന്റെയും ബിനു നായരുടെയും പേരുകളും സനൽ കുറിപ്പിൽ പറഞ്ഞിരുന്നു. അവർ തടങ്കലില്‍ ആണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും കാണിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സനല്‍കുമാര്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റുകള്‍ വലിയ വിവാദമായിരുന്നതാണ്. 

അതിന് പിന്നാലെയാണിപ്പോൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിൽ നടി മഞ്ജുവിൻറെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കൊച്ചി എളമക്കര പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

മികച്ച സംവിധായകനുൾപ്പെടെയുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിട്ടുള്ള സനൽ കുമാർ ഒരാൾപൊക്കവും ഒഴിവുദിവസത്തെ കളിയും സെക്സി ദുർഗയും ചോലയും ഉന്മാദിയുടെ മരണവും അടക്കമുള്ള നിരവധി സിനിമകളൊരുക്കിയ സംവിധായകനാണ്. 

മഞ്ജു നായികയാകുന്ന കയറ്റം, ടൊവിനോയെ നായകനാക്കി വഴക്ക് തുടങ്ങിയവയാണ് അടുത്തതായി സനൽ കുമാറിൻറെ സംവിധാനത്തിൽ പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.
Previous Post Next Post