നടിയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താല്‍പ്പര്യമുണ്ടോയെന്ന് പരിശോധിക്കണം: ഇ പി ജയരാജന്‍




കൊച്ചി: ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന് പിന്നില്‍ പ്രത്യേക താല്‍പ്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഹര്‍ജി ആര്‍ക്കും നല്‍കാം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധ തിരിച്ചുവിടാന്‍ ഒന്നും പറയാനില്ലാത്തവര്‍ എന്തെങ്കിലും കിട്ടുമോയെന്നറിയാന്‍ വഴി തേടി നടക്കുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അട്ടിമറിക്കാന്‍ ഉന്നത രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്ന് ആരോപിച്ച് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു ജയരാജന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സമയത്താണ് ഹര്‍ജി വരുന്നത്. ഇത് ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ല. പൊലീസിനു വീഴ്ചയുണ്ടായതായി ഇന്നുവരെ ആരും പറഞ്ഞിട്ടില്ല. വീഴ്ചയുണ്ടെങ്കില്‍ കടുത്ത നടപടി സ്വീകരിക്കും.

ഇടതുമുന്നണി സ്ത്രീ സുരക്ഷയും കുട്ടികളുടെ സുരക്ഷയും ഉറപ്പുവരുത്താന്‍ ശക്തമായ നടപടി സ്വീകരിക്കും. കുറ്റാന്വേഷണ രംഗത്ത് ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് കേരളം. നടിയുടെ ഹര്‍ജിയിലെ കാര്യങ്ങള്‍ കോടതി പരിശോധിക്കട്ടെ. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ല.ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

ഉന്നത സ്വാധീനം ഉപയോഗിച്ച് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമമെന്നാണ് നടിയുടെ ആരോപണം. ഭരണമുന്നണിയിലെ ഉന്നതരുമായി ദിലീപിന് അവിശുദ്ധ ബന്ധം ഉണ്ടെന്നും ഹർജിയിൽ പറയുന്നു. കേസ് തിടുക്കത്തിൽ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നതായി വിവരം ലഭിച്ചെന്നും ഇത് നീതി നിഷേധത്തിന് ഇടയാക്കുമോ എന്ന ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും നടിയുടെ ഹർജിയിലുണ്ട്. തുടക്കത്തിൽ പിന്തുണയ്ക്കുകയും സ്വതന്ത്ര അന്വേഷണം അനുവദിക്കുകയും ചെയ്ത സർക്കാർ രാഷ്ട്രീയ തലത്തിൽ ക്രെഡിറ്റ് വാങ്ങിയ ശേഷം പിൻവാങ്ങുകയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. 


Previous Post Next Post