കേരള പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും, ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും







കോട്ടയം: വെള്ളൂരിലെ കേരള സര്‍ക്കാറിന്‍റെ കേരള പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് ഇന്ന് പ്രവര്‍ത്തനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള പേപ്പര്‍ പ്രൊഡക്‌ട്‌സ് ലിമിറ്റഡിന്‍റെ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും. 

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഏറ്റെടുത്താണ് കേരള സര്‍ക്കാര്‍ കെപിപിഎല്‍ ആരംഭിച്ചത്. ദിനപത്രങ്ങള്‍, പുസ്തകങ്ങള്‍, മാഗസിനുകള്‍, നോട്ട്ബുക്കുകള്‍ എന്നിവയ്ക്ക് ആവശ്യമായ ന്യൂസ് പ്രിന്റ് നല്‍‍കുക എന്ന ലക്ഷ്യത്തോടെയാണ് കോട്ടയം വെള്ളൂരിലെ പഴയ പേപ്പര്‍ കമ്ബനി കേരള സര്‍ക്കാര്‍ പുതിയ പേരില്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ സ്വകാര്യവല്‍ക്കരിക്കാന്‍ വച്ചിരുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റ് ലിമിറ്റഡ് ലേലത്തില്‍ പങ്കെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. സ്ഥാപനം ഏറ്റെടുക്കുന്നതിനായി മാത്രം 145.6 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചു. നാല് ഘട്ടമായി 46 മാസത്തെ പുനരുദ്ധാരണ പ്രവര്‍ത്തനമാണ് സംസ്ഥാന സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. അതില്‍ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.

പേപ്പര്‍ മെഷീന്‍, പവര്‍ ബോയിലര്‍, ഡീ ഇങ്കിംഗ് എന്നിവയ്ക്കായി മൂന്ന് പ്ലാന്റുകള്‍ പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ഡീ ഇങ്കിംഗ് പ്ലാന്റില്‍ നിന്നുള്ള പള്‍പ്പും ഇറക്കുമതി ചെയ്യുന്ന പള്‍പ്പും ഉപയോഗിച്ചാണ് ഉല്‍പാദനം. വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദനം തുടങ്ങാന്‍ രണ്ട് മാസം കൂടി വേണ്ടി വരും. ഇതിനായി കെമിക്കല്‍ പള്‍പ്പിംഗ് , മെക്കാനിക്കല്‍ പള്‍പ്പിംഗ് പ്ലാന്റുകള്‍ കൂടി തയ്യാറായി വരുന്നുണ്ട്. ഇറക്കുമതി പള്‍പ്പ് ഒഴിവാക്കി ഈറ്റ, തടി, മുള എന്നിവയില്‍ നിന്ന് പള്‍പ്പ് ഉല്‍പാദിപ്പിക്കാനാണ് ഈ പ്ലാന്‍റുകള്‍ തയ്യാറാക്കുന്നത്.

ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ഫാക്ടറിയിലുണ്ടായിരുന്ന 255 സ്ഥിരം തൊഴിലാളികളെ പുതിയ കന്പനിയില്‍ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ട്. പ്രവര്‍ത്തന മൂലധനമായ 75 കോടി രൂപ ഉള്‍പ്പെടെ 154 കോടി രൂപയാണ് കെപിപിഎല്ലിനായി കേരള സര്‍ക്കാര്‍ മുടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ നിരവധി പേര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.
Previous Post Next Post