കുവൈറ്റില്‍ കേസന്വേഷണത്തിലെ പുരോഗതി വേഗത്തില്‍ അറിയാം; ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു


കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കേസുകളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതി അറിയാന്‍ സൗകര്യം. ഇതിനായി ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സുമായി സഹകരിച്ച് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഏര്‍പ്പെടുത്തിയ പുതിയ സംവിധാനത്തിലൂടെ പൊതുജനങ്ങള്‍ക്ക് തങ്ങള്‍ നല്‍കിയ പരാതികളുടെ അന്വേഷണ പുരോഗതി നേരിട്ട് മനസ്സിലാക്കാനും വിലയിരുത്താനും സാധിക്കും. പൊതുജനങ്ങള്‍ക്ക് പരാതികളുടെ അന്വേഷണ പുരോഗതി ഓണ്‍ലൈനായി ട്രാക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് പുതിയ സംവിധാനത്തിന്റെ സവിശേഷത. മുഴുവന്‍ ജനങ്ങള്‍ക്കും കൃത്യവും സമയബന്ധിതവുമായി മികച്ച സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പുതിയ സംവിധാനം നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ കേസുകളില്‍ അകപ്പെട്ട പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യത്തില്‍ കേസന്വേഷണം ഏത് ഘട്ടത്തിലാണ് എന്ന് അറിയാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും പുതിയ സേവനം വഴി എളുപ്പത്തില്‍ സാധിക്കും. പലപ്പോഴും യഥാസമയം കൃത്യമായ വിവരം ലഭിക്കാതെ വരുന്നത് കേസ് നടപടികളില്‍ ശരിയായ രീതിയിലുള്ള ഇടപെടല്‍ നടത്തുന്നതിന് തടസ്സമായി വരാറുണ്ട്. ഈ പ്രതിസന്ധിക്ക് പുതിയ ട്രാക്കിംഗ് സംവിധാനം വരുന്നതോടെ വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മികച്ചതും വേഗത്തിലുള്ളതുമായി സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുകയെന്ന സുരക്ഷാ സ്ഥാപനങ്ങളുടെ നയത്തിന്റെ ഭാഗമായാണിത്. ആഭ്യന്തര മന്ത്രാലയത്തിന്റെ www.moi.gov എന്ന വെബ്സൈറ്റിലാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായത്തോടെ പുതിയ സേവനം ലഭ്യമാക്കിയിരിക്കുന്നത്. വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രത്യേക ഫീല്‍ഡില്‍ കേസുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം നല്‍കുന്ന ഒന്‍പത് അക്ക നമ്പര്‍ എന്റര്‍ ചെയ്താലാണ് കേസിന്റെ അന്വേഷണ പുരോഗതിയും നടപടിക്രമങ്ങളും കാണാനാവും. ഇതോടൊപ്പം സ്വദേശിയാണെങ്കില്‍ നാഷനാലിറ്റി നമ്പറും പ്രവാസികയാണെങ്കില്‍ റെയിഡന്‍സ്സ് നമ്പറും നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.

Previous Post Next Post