'ലാഹോറിലെ പമ്പുകളിൽ പെട്രോളില്ല, എടിഎമ്മിൽ പണമില്ല'; സർക്കാരിനെ വിമർശിച്ച് മുൻ പാക് താരം


ലാഹോർ‍: പാകിസ്ഥാനിലെ ഭരണകൂടത്തെ ശക്തമായി വിമർശിച്ച് മുൻ ക്രിക്കറ്റ് താരം മുഹമ്മദ് ഹാഫിസ്. പാകിസ്ഥാനിലെ സാധാരണക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹാഫിസ് രംഗത്തുവന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്."ലാഹോറിലെ ഒരു പമ്പിൽ പോലും പെട്രോൾ ലഭ്യമല്ലേ? എടിഎം മെഷിനുകളിൽ പണം ലഭ്യമല്ലേ? എന്തുകൊണ്ടാണ് ഒരു സാധാരണക്കാരൻ രാഷ്ട്രീയ തീരുമാനങ്ങളിൽ നിന്ന് കഷ്ടപ്പെടേണ്ടി വരുന്നത്" എന്നുമായിരുന്നു മുൻ ഓൾ റൗണ്ടറിന്റെ ചോദ്യം.പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ മറ്റ് പ്രമുഖ പാക് രാഷ്ട്രീയ നേതാക്കൾ എന്നിവരെ ടാഗ് ചെയ്താണ് ട്വിറ്റ് ചെയ്തിരിക്കുന്നത്. ക്രിക്കറ്റ് കാര്യങ്ങളുമായി ബന്ധപ്പെട്ട് നിരവധി തവണ പിസിബിയെ സമീപിച്ച് തന്നെ പ്രശസ്ഥനായ ക്രിക്കറ്റ് താരമാണ് ഹാഫിസ്.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇന്ത്യയുടെ അയൽ രാജ്യം കടന്നുപോകുന്നത്. പ്രതിസന്ധി രൂക്ഷമാകുന്നത് കാരണം നിരവധി ആഡംബര വസ്തുക്കളുടെ ഇറക്കുമതിയും പാകിസ്ഥാൻ നിരോധിച്ചിരുന്നു. അതിന് പുറമെ വസ്തുക്കളിൽ ചുമത്തിയിരിക്കുന്ന തീരുവയും വലിയ തോതിൽ വർദ്ധിച്ചിരുന്നു. ആഡംബര കാറുകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, അവശ്യസാധനങ്ങൾ ഒഴിച്ചുള്ള മറ്റ് ചരക്കുകൾ എന്നിവയുടെ ഇറക്കുമതി പരിപൂർണ്ണമായാണ് പാകിസ്ഥാൻ നിരോധിച്ചത്. യന്ത്രോപകരണങ്ങളിൽ 10 ശതമാനവും, ഗൃഹോപകരണങ്ങളിൽ 50 ശതമാനവും, ആയിരം സിസിക്ക് മുകളിലുള്ള കാറുകളിൽ നൂറു ശതമാനവുമാണ് തീരുവ ചുമത്തുക. മൊബൈൽ ഫോണുകളിൽ 6,000 മുതൽ 44,000 രൂപ വരെ അധികം ചുമത്താനാണ് തീരുമാനം. പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ ഓഫീസിൽ നിന്നുമാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പാകിസ്ഥാൻ പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കുന്നു.ഈ വർഷം ഏപ്രിൽ മാസത്തിലാണ് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കി ഷെഹബാസ് ഷെരീഫ് 23ാമത് പാക്ക് പ്രധാനമന്ത്രിയായി അധികാരത്തിൽ എത്തിയത്. സമാനമായ സാമ്പത്തിക പ്രതിസന്ധിയിലാണ് മറ്റൊരു അയൽ രാജ്യമായ ശ്രീലങ്ക കടന്നുപോകുന്നത്. അവിടേയും അടുത്തിടെയാണ് പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജി വയ്ക്കുകയും പുതിയ പ്രധാനമന്ത്രി അധികാരത്തിൽ എത്തുകയും ചെയ്തത്.

Previous Post Next Post