പി.സി ജോര്‍ജിന് ജാമ്യം നല്‍കിയതില്‍ അസ്വാഭാവികതയില്ലെന്ന് ജസ്റ്റിസ് കെമാല്‍ പാഷ.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെയും ജാമ്യം നല്‍കാന്‍ മജിസ്‌ട്രേറ്റിന് ഈ കേസില്‍ അധികാരമുണ്ടെന്ന് കെമാല്‍ പാഷ പറഞ്ഞു.
അവധി ദിവസങ്ങളില്‍ ഹാജരാകാന്‍ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ നിര്‍ബന്ധിക്കാനാകില്ലെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.
അനന്തപുരി ഹിന്ദു മഹാസമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് പി.സി ജോര്‍ജിനെ പൊലീസ് പുലര്‍ച്ചെയെത്തി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലേക്ക് കൊണ്ടുപോയി മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ പി.സി ജോര്‍ജിന് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിക്കുകയായിരുന്നു.
പി.സി.ജോര്‍ജ്ജിന് ജാമ്യം അനുവദിച്ച ജുഡീഷ്യല്‍ ഫാസ്റ്റ് കല്‍സ് മജിസ്‌ട്രേറ്റ് കോടതി കര്‍ശന ജാമ്യ വ്യവസ്ഥകള്‍ വച്ചിരുന്നു. ഏതെങ്കിലും വേദികളില്‍ അത് ലംഘിക്കപ്പെടുന്നോയെന്നും പൊലീസ് നിരീക്ഷിച്ച് വരികയാണ്.
കോടതി അവധിയായതിനാല്‍ ചൊവ്വാഴ്ചയാകും ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുക. അത് ലഭിച്ച ശേഷം അപ്പീല്‍ അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കും.