കെഎസ്ആര്‍ടിസിയിൽ പൊറുതിമുട്ടി സിഐടിയുവും സമരത്തിലേക്ക്...


തിരു.: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ സമരം ചെയ്യാന്‍ സിഐടിയു തീരുമാനം. പ്രശ്നത്തില്‍ ശക്തമായി പ്രതികരിക്കാന്‍ കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന് സിഐടിയു ജനറല്‍ കൗണ്‍സില്‍ യോഗം അനുമതി നല്‍കി. ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ യോഗത്തില്‍ നിശിത വിമര്‍ശനമുയര്‍ന്നു. മന്ത്രി നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണെന്നാണ് വിമര്‍ശനം.
       കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ് കെഎസ്ആര്‍ടി എംപ്ലോയീസ് അസോസിയേഷന്‍ തിരുവനന്തപുരത്തു ചേര്‍ന്ന സിഐടിയു ജനറല്‍ കൗണ്‍സിലില്‍ അവതരിപ്പിച്ചത്. ശമ്പളം അടിയന്തിരമായി വിതരണം ചെയ്തില്ലെങ്കില്‍ സമരം അനിവാര്യമായ സാഹചര്യമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.
     കെഎസ്ആര്‍ടിസിയിലെ പ്രശ്ന പരിഹാരത്തിന് കാലാകാലങ്ങളില്‍ എംപ്ലോയീസ് അസോസിയേഷന്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ടോമിന്‍ തച്ചങ്കരി മുതലുള്ള എംഡിമാര്‍ പരിഗണിച്ചില്ല. ഏകപക്ഷീയമായാണ് പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയത്. തുടര്‍ന്ന് നടന്ന ചര്‍ച്ചയിലാണ് മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശനമുണ്ടായത്. ശമ്പള പ്രശ്നത്തില്‍ ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണ് ഗതാഗത മന്ത്രി നടത്തിയത്. പണിമുടക്കിയവര്‍ ശമ്പള പ്രശ്നത്തിന് പരിഹാരം കാണണമെന്നു പറഞ്ഞത് ശരിയായില്ല. മന്ത്രി തുടര്‍ച്ചയായി തൊഴിലാളികളെ അവഹേളിക്കുന്നെന്നും സമരത്തോട് പ്രതികരിക്കേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനമുണ്ടായി.
     കെഎസ്ആര്‍ടിസിയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതില്‍ മന്ത്രിക്കും എംഡിക്കും വീഴ്ച പറ്റിയെന്നും വിമര്‍ശനമുയര്‍ന്നു. സര്‍ക്കാരുമായും കെഎസ്ആര്‍ടിസി മാനേജ്മെന്‍റുമായും ചര്‍ച്ച നടത്തും. 20നകം ശമ്പളവിതരണം നടത്തുമെന്ന അനൗദ്യോഗിക ഉറപ്പാണ് മാനേജ്മെന്‍റ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വാഗ്ദാനം പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങേണ്ടിവരും. കഴിഞ്ഞ തവണ ഐഎന്‍ടിയുസി സംഘടനയായ ടിഡിഎഫ് നടത്തിയ പണിമുടക്കിനോട് സിഐടിയു അംഗങ്ങള്‍ ജോലിക്ക് ഹാജരാകാതെ സഹകരിച്ചിരുന്നു. എന്നാല്‍, ഇനി നേരിട്ട് സമരരംഗത്തേക്ക് കടക്കാനാണ് ജനറൽ കൗണ്‍സിലിന്‍റെ തീരുമാനം.

Previous Post Next Post