വെസ്റ്റ് നൈൽ പനി ബാധിച്ച് ഒരാൾ മരിച്ചു; സംസ്ഥാനത്തെ ആദ്യമരണം


തൃശൂർ: പാണഞ്ചേരി പഞ്ചായത്തിൽ പകർച്ചവ്യാധിയായ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചതിന് പിന്നാലെ രോഗം ബാധിച്ചയാൾ മരിച്ചു. വെസ്റ്റ് നൈൽ പനി ബാധിച്ച് സംസ്ഥാനത്തെ ആദ്യ മരണമാണിത്. പുത്തൂർ സ്വദേശി ജോബി(47)യാണ് മരിച്ചത്. ജോബിയുടെ മരണത്തെ തുടർന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പനിയെ തുടർന്ന് രണ്ട് ദിവസം മുൻപ് ജോബിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയപ്പോഴാണ് രോഗം തിരിച്ചറിഞ്ഞത്. രോഗിയെ പരിചരിക്കാൻ കൂടെ നിന്ന മറ്റ് രണ്ട് പേർക്കും പനി ബാധിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത നിര്‍ദ്ദേശമാണ് നൽകിയിരിക്കുന്നത്. ഡിഎംഒയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് രോഗകാരണമായ ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. പഞ്ചായത്തിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും നേതൃത്വത്തിൽ അടിയന്തര യോഗം ഇന്നലെ ചേർന്നു. രോഗം സ്ഥിരീകരിച്ച മാരായ്ക്കൽ വാർഡിൽ ഇന്ന് ഡ്രൈ ഡേ ആചരിച്ച് പരമാവധി കൊതുകുകളെ നശിപ്പിക്കാനുള്ള നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. മാങ്ങ പൊട്ടിക്കുന്ന ജോലി ചെയ്യുന്ന ആളായിരുന്നു ജോബി. കൃത്യസമയത്ത് ആവശ്യമായ ചികിത്സ ജോബിക്ക് ലഭിച്ചിരുന്നില്ലെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തി. പനി, തലവേദ, ഛർദി, വയറുവേദന, വയറിളക്കം എന്നിവയാണ് രോഗ ലക്ഷണങ്ങൾ. തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, അപസ്മാരം, ഓർമ്മ കുറവ് എന്നിവയ്ക്കും കാരണമാകും. മേൽപ്പറഞ്ഞ ലക്ഷണങ്ങളോടെയുള്ള പനി ഉണ്ടായാൽ എത്രയും പെട്ടെന്ന് ആശുപത്രികളിൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് കനത്ത ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് മുന്നറിപ്പ് നൽകിയിട്ടുണ്ട്.

Previous Post Next Post