സിദ്ദു പട്യാല കോടതിയില്‍ കീഴടങ്ങി





 
ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ പിസിസി അധ്യക്ഷനും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിങ് സിദ്ദു പഞ്ചാബിലെ പട്യാല കോടതിയില്‍ കീഴടങ്ങി. കഴിഞ്ഞദിവസം 1987ല്‍ റോഡില്‍ നടന്ന തര്‍ക്കത്തെ തുടര്‍ന്ന് ഗുര്‍നാം സിങ് എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ സിദ്ദുവിന് സുപ്രീംകോടതി ഒരുവര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. സിദ്ദുവിനെ പട്യാല കോടതിയിലേക്ക് മാറ്റും.

കോടതി മുന്‍പാകെ കീഴടങ്ങുന്നതിന് മുന്‍പ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ദുവിന്റെ വസതിയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഉച്ചകഴിഞ്ഞാണ് സിദ്ദു കോടതിയില്‍ കീഴടങ്ങിയത്. 

സിദ്ദുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ സിദ്ദു കഴിഞ്ഞ ദിവസം രാത്രി അമൃത്‌സറില്‍ നിന്ന് പട്യാലയില്‍ എത്തിച്ചേര്‍ന്നിരുന്നു. 2012-17 കാലഘട്ടത്തില്‍ അമൃത്‌സര്‍ ഈസ്റ്റില്‍ അകാലിദള്‍- ബിജെപി സഖ്യത്തിന്റെ പ്രതിനിധിയായിരുന്നു നവ്‌ജ്യോത് കൗര്‍ സിദ്ദു. ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാജ്യത്തെ നിയമങ്ങളെ മാനിക്കുമെന്ന് സിദ്ദു പ്രതികരിച്ചിരുന്നു.

സിദ്ദുവിന് അനുകൂലമായ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ഗുല്‍നാമിന്റെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി. ജസ്റ്റിസുമാര എ എം ഖാന്‍വീല്‍ക്കര്‍, സഞ്ജയ് കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. 

മൂന്നു വര്‍ഷം തടവ് ശിക്ഷ വിധിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി ഇളവു ചെയ്ത സുപ്രീംകോടതി, 2018ല്‍ സിദ്ദുവിന്റെ ശിക്ഷ 1000 രൂപ പിഴ മാത്രമായി ചുരുക്കിയിരുന്നു. ഇതിനെതിരെ ഗുര്‍നാമിന്റെ കുടുംബം നല്‍കിയ പുനഃപരിശോധന ഹര്‍ജിയിലാണ് കഴിഞ്ഞദിവസത്തെ വിധി. 

കേസ് മുപ്പത് വര്‍ഷത്തോളം പഴക്കമുള്ളതാണെന്നും സംഘര്‍ഷ സമയത്ത് ആയുധങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല എന്നും കാണിച്ചാണ് സുപ്രീംകോടതി ശിക്ഷ ഇളവ് ചെയ്തത്. 1987 ഡിസംബര്‍ 27ന് പട്യാലയിലെ ട്രാഫിക് ജങ്ഷനില്‍ വെച്ച് സിദ്ദുവും കൂട്ടരും ഗുര്‍നാമുമായി വാഹനം ഓടിച്ചത് സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അക്രമത്തിലാണ് ഗുര്‍നാം കൊല്ലപ്പെട്ടത്. 

Previous Post Next Post