മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമർശം; കെ സുധാകരനെതിരെ കേസെടുത്തു


കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്. സിപിഎം പ്രവർത്തകരുടെ പരാതിയിലാണ് കേസെടുത്തതെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചങ്ങലപൊട്ടിയ നായയെപ്പോലെയാണ് മുഖ്യമന്ത്രി തൃക്കാക്കരയിൽ എത്തിയിരിക്കുന്നതെന്ന സുധാകരന്‍റെ പരാമർശത്തിനെതിരെയാണ് കേസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു കെ സുധാകരന്‍റെ വിവാദ പരാമർശം.
അധിക്ഷേപ പരാമർശത്തിനെതിരെ സിപിഎം നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. സുധാകരനെതിരെ കേസെടുക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

"ഹാലിളകിയത് ഞങ്ങൾക്കല്ല, അദ്ദേഹത്തിനാണ്. ഒരു മുഖ്യമന്ത്രിയാണ് ഇങ്ങനെ നടക്കുന്നതെന്ന് ഓർമ വേണം. ഒരു നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ചങ്ങല പൊട്ടിയ നായ വരുന്നതു പോലെയല്ലേ അദ്ദേഹം വരുന്നത്. ചങ്ങല പൊട്ടിയാൽ നായ എങ്ങനെയാ പോകുക? അതുപോലെയല്ലേ അദ്ദേഹം വരുന്നത്. അയാളെ നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടോ?" എന്നായിരുന്നു സുധാകരൻ പറഞ്ഞത്.

അതേസമയം വിവാദപരാമർശം ചർച്ചയായതിന് പിന്നാലെ മലബാറിലെ നാടൻ പ്രയോഗമായിരുന്നു തന്‍റേതെന്നും പരാമർശം പിൻവലിക്കുന്നെന്നും സുധാകരൻ പറഞ്ഞിരുന്നു. പിണറായി വിജയനെ പട്ടിയെന്ന് പറഞ്ഞിട്ടില്ലെന്നും അങ്ങിനെ തോന്നിയെങ്കിൽ അത് പിൻവലിക്കുന്നു എന്നുമായിരുന്നു സുധാകരന്‍റെ വാക്കുകൾ.

താൻ തന്നെക്കുറിച്ചും പറയാറുണ്ട് ചങ്ങല പൊട്ടിയ പട്ടി എന്ന്. എന്നാൽ, താൻ പട്ടിയാണെന്നല്ല അർത്ഥം. അദ്ദേഹം പട്ടിയാണെന്നല്ല അർത്ഥം. അതൊരു ഉപമയാണ്, മലബാറിലുള്ള ഒരു നാടൻ ഉപമയാണ്. അതിലെന്ത് തെറ്റാണ് പറയാനുള്ളത്. അദ്ദേഹം പട്ടിയെന്ന് പറഞ്ഞിട്ടില്ല, അങ്ങിനെ തോന്നിയെങ്കിൽ അത് പിൻവലിക്കുന്നു. അല്ലാതെ ഒരു വാക്ക് കൊണ്ടും അദ്ദേഹത്തെ അപമാനിച്ചിട്ടില്ല എന്നായിരുന്നു സുധാകരന്‍റെ വിശദീകരണം
Previous Post Next Post