ഖത്തറിൽ പൊതുസ്ഥലങ്ങളിൽ ഡ്രിഫ്റ്റിംഗ് നടത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകസംഘം

 


ദോഹ: ഖത്തറിൽ പൊതുസ്ഥലങ്ങളിൽ ഡ്രിഫ്റ്റിംഗ് നടത്തുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകസംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ മീഡിയ ആൻഡ് ട്രാഫിക് അവയർനസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ കേണൽ ജാബർ മുഹമ്മദ് റാഷിദ് ഒദൈബ. അംഗീകൃത സ്ഥലങ്ങളിലല്ലാതെയുള്ള ഡ്രിഫ്റ്റിംഗ് നിയമലംഘനമാണ്. സീലൈൻ പോലുള്ള അംഗീകൃതവും സുരക്ഷിതവുമായ സ്ഥലങ്ങളിലാണ് ഡ്രിഫ്റ്റിംഗ് എങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇവിടങ്ങളിൽ വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ ഡ്രിഫ്റ്റിംഗ് നടത്തുന്നത് അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ആളുകളുടെ ജീവൻ അപകടപ്പെടുത്തുന്നതോ പൊതുമുതൽ നശിപ്പിക്കുന്നതോ ആയ തരത്തിൽ പൊതുസ്ഥലത്ത് ഡ്രിഫ്റ്റിംഗ് നടത്തുകയാണെങ്കിൽ നിയമലംഘകർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നിയമനടപടികൾ സ്വീകരിക്കും.ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഇൻവെസ്റ്റിഗേഷൻ വിഭാഗം ഇത്തരം കേസുകൾ കർശനമായി നിരീക്ഷിച്ച് വരികയാണ്. കൂടാതെ നിയമലംഘകരുടെ ചിത്രങ്ങൾ താമസക്കാർക്ക് അയയ്ക്കാമെന്നും അന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. അശ്രദ്ധമായ ഡ്രൈവിങിനെതിരെ ഇതിനുമുൻപും അധികൃതർ നിർദേശം നൽകിയിരുന്നു. നിയമം ലംഘിച്ചാൽ മൂന്ന് മാസത്തേക്ക് വാഹനങ്ങൾ കണ്ടുകെട്ടും. ഡ്രിഫ്റ്റിംഗിൽ ഏർപ്പെട്ടിരിക്കുന്ന ഡ്രൈവർ പൊതു സ്വത്തുക്കൾ നശിപ്പിച്ചാൽ, സംഭവിച്ച നഷ്ടത്തിന്റെ വില നൽകണമെന്നാണ് നിയമം. ആളുകളുടെ ജീവന് അപകടകരമായേക്കാവുന്ന താമസ ഏരിയകളിൽ ഡ്രിഫ്റ്റിംഗ് നടത്തുകയാണെങ്കിൽ, വാഹനം 90 ദിവസത്തേക്ക് കസ്റ്റഡിയിൽ വയ്ക്കുമെന്നും കുറ്റത്തിന്റെ സ്വഭാവമനുസരിച്ച് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്യും.

Previous Post Next Post