പ്രധാനമന്ത്രിക്ക് ചോരകൊണ്ട് കത്തെഴുതി സിവിൽ സർവീസ് ഉദ്യോ​ഗാർത്ഥി; 'പിഎസ്ഐ റിക്രൂട്ട്മെന്റ് അഴിമതി ആത്മവിശ്വാസം നശിപ്പിച്ചു എന്ന് കത്തിൽ പരാമർശം


ബം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചോരകൊണ്ട് കത്തെഴുതി സിവിൽ സർവീസ് ഉദ്യോ​ഗാർത്ഥി. സർക്കാർ ജോലികളിലേക്കുള്ള പരീക്ഷകൾ സ്വതന്ത്രവും നീതിപൂർവവുമാണെന്ന് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്. ബെല​ഗാവി ജില്ലയിൽ അത്താനി താലൂക്കിലെ അടഹലട്ടി സ്വദേശിയായ ശ്രീ ശെെല മിത്തരാ​ഗിയാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. കർണാടകത്തിലെ പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിൽ അഴിമതി നടന്നതിന്റെ പശ്ചാത്തലത്തിലാണ് യുവാവിന്റെ കത്ത്. പിഎസ്ഐ നിയമന അഴിമതി ആത്മവിശ്വാസം നഷ്ടപ്പെടുത്തിയെന്നും കർഷക കുടുംബത്തിലെ അം​ഗമായ മിത്തരാ​ഗി കത്തിൽ പറയുന്നു.
2021 ലെ സിവിൽ സർവീസ് പരീക്ഷകൾ എഴുതിയയാളാണ് താൻ. പിഎസ്ഐ അഴിമതിയെത്തുടർന്ന് മെറിറ്റുള്ളവനല്ല പണമുള്ളവർക്ക് മാത്രമെ സർക്കാർ ജോലി ലഭിക്കൂ എന്ന് തനിക്ക് തോന്നിയതായും മിത്തരാ​ഗി കത്തിൽ കുറിച്ചു. പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ സത്യസന്ധമായെഴുതിയവർക്ക് നീതി ഉറപ്പാക്കണമെന്നും, കുറ്റവാളികളെ ശിക്ഷിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. പിഎസ്ഐ പരീക്ഷകൾ റദ്ദാക്കുന്നത് ആത്മവിശ്വാസം നശിപ്പിക്കുമെന്നും തനിക്ക് സിവിൽ സർവീസ് പരീക്ഷക്കായി തയ്യാറെടുക്കാനുള്ള ആത്മവിശ്വാസം നശിച്ചുവെന്നും അദ്ദേഹം കത്തിൽ പറയുന്നുണ്ട്.


പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിൽ ജോലി ഉറപ്പാക്കാൻ ഉദ്യോ​ഗസ്ഥർക്ക് പണം നൽകിയതുമായി ബന്ധപ്പെട്ടതാണ് പിഎസ്ഐ നിയമന അഴിമതി. ഇതുമായി ബന്ധപ്പെട്ട് കൽബുർ​ഗിയിലെ ബിഎസ്സി ബിരുദധാരിക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിക്കൊടുക്കാൻ പിതാവ് അമ്പത് ലക്ഷം രൂപ നൽകിയതായും കണ്ടെത്തിയിരുന്നു. മുപ്പത് ഉദ്യോ​ഗാർത്ഥികൾ ഉൾപ്പടെ നാൽപ്പത്തിയഞ്ചു പേരെയാണ് അഴിമതിയിൽ ഇതുവരെ പേര് ചേർക്കപ്പെട്ടിട്ടുള്ളത്.
Previous Post Next Post