ന്യൂഡല്‍ഹി: ഇന്ധനനികുതി കുറച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണെന്നും ഇന്ധനനികുതി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ഇതിനെ തുടര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലയില്‍ വരുന്ന കുറവ് ജനങ്ങളുടെ ജീവിതം സുഗമമാക്കാനും അവരുടെ മേലുള്ള ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നും മോദി സൂചിപ്പിച്ചു.
ഇതിനുപുറമേ ഉജ്ജ്വല യോജന പദ്ധതിക്കു കീഴില്‍ സിലിണ്ടറുകള്‍ക്ക് 200 രൂപ വീതം കുറയ്ക്കാനുള്ള തീരുമാനം കുടുംബ ബഡ്ജറ്റിന് സഹായകരമാകുന്ന തീരുമാനമാണെന്നും മോദി വ്യക്തമാക്കി.
രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന സ്ത്രീകളെ സഹായിക്കുന്ന ഒന്നാണ് സിലിണ്ടറുകള്‍ക്ക് സബ്സിഡി ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. പെട്രോള്‍ നികുതിയില്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ലിറ്ററിന് ആറ് രൂപയുമാണ് കുറവ് വരുത്തിയിരിക്കുന്നത്.
ഇതോടെ പെട്രോള്‍ വിലയില്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് ഏഴ് രൂപയും കുറയും. ഇതിനു പുറമേ പാചകവാതകത്തിന് 200 രൂപയുടെ സബ്സിഡിയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.