സംസ്ഥാനത്ത് ആദ്യമായി ജൻറം എ സി ലോ ഫ്ലോർ ബസുകൾ ആക്രിക്കായി
പൊളിക്കുന്നു. തേവരയിൽ കഴിഞ്ഞ 2 വർഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളിൽ 10
എണ്ണമാണ് പൊളിക്കുന്നത്. ഹൈക്കോടതി നിർദ്ദേശാനുസരണമാണ് കെഎസ്ആർടിസി
തീരുമാനം.
നിലവിലുള്ള എസി ബസ്സുകൾ ക്ലാസ് മുറികളാക്കിയും, കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ
പുതിയ സിഎൻജി ബസുകൾ വാങ്ങാൻ തീരുമാനിച്ചും വിവാദങ്ങളിൽ മുങ്ങിത്താഴവേയാണ്
ഹൈക്കോടതിയെ ചാരി ലോഫ്ലോർ ബസ്സുകൾ പൊളിക്കാൻ നീക്കം നടക്കുന്നത്. അറ്റകുറ്റപ്പണിക്ക്
വേണ്ടിവരുന്ന വലിയ ചിലവും 11 വർഷത്തിലധികം കാലപ്പഴക്കവും പരിഗണിച്ചാണ് നടപടിയെന്ന്
കെഎസ്ആർടിസി വ്യക്തമാക്കുന്നു.
28 ബസുകളിൽ 10 എണ്ണമാണ് നിലവിൽ പൊളിക്കുക. യാർഡിൽ കിടന്ന വാഹനങ്ങൾ ഡിമാന്റ്
വരുമ്പോൾ റിപ്പയർ ചെയ്ത് ഉപയോഗിക്കാമെന്നായിരുന്നു മാനേജ്മെന്റ് ഇതുവരെ എടുത്തിരുന്ന
നിലപാട്.
2018 മുതൽ 2020 കാലയളവിൽ ബ്രേക്ക് ഡൗൺ ആകുകയും അന്ന് മുതൽ ഓടാതെ
കിടക്കുന്നവയുമാണ് പൊളിക്കാൻ തീരുമാനിച്ച ബസ്സുകൾ കുറഞ്ഞത് 21 ലക്ഷം മുതൽ 45 ലക്ഷം
രൂപ വരെ ചിലവഴിച്ചാലെ ഇവ നിരത്തിലിറക്കാനാകൂ എന്നതാണ് സ്ഥിതിയെന്ന് കെഎസ്ആർടിസി
വാദിക്കുന്നു. എസി കൂടാതെ 920 നോൺ എ.സി ബസ്സുകളും സ്ക്രാപ്പ് ചെയ്യുന്നതിന് ബോർഡ്
അനുമതി നൽകിയിട്ടുണ്ട്.