തിരുവനന്തപുരം∙ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈനില്‍ ഉപയോഗിക്കുന്നത് രാജ്യാന്തര നിലവാരമുള്ള സിഗ്‌നലിങ് സംവിധാനമാണെന്ന് കെ–റെയിൽ കോർപറേഷൻ. ട്രെയിനുകള്‍ക്കു സിഗ്നല്‍ നല്‍കുന്നതിനും വേഗം നിയന്ത്രിക്കുന്നതിനും സുരക്ഷിത സംവിധാനമായ യൂറോപ്യന്‍ റെയില്‍ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തിന്റെ (ഇആര്‍ടിഎംഎസ്) ഭാഗമായ യൂറോപ്യന്‍ ട്രെയിന്‍ കണ്‍ട്രോള്‍ സിസ്റ്റം (ഇടിസിഎസ്) ആണ് സില്‍വര്‍ലൈനില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇടിസിഎസ് സംവിധാനം ഉള്‍പ്പെട്ട അബ്‌സൊല്യൂട്ട് ആൻഡ് ഓട്ടോമാറ്റിക് സിഗ്നലിങ് സമ്പ്രദായം ഇന്ത്യന്‍ റെയില്‍വേയിലെ ചില സെക്ടറുകളില്‍ നിലവിലുണ്ട്. ഇതിന്റെ കുറേക്കൂടി ഉയര്‍ന്ന പതിപ്പായ ഓട്ടോമാറ്റിക് ട്രെയിന്‍ ഓപറേഷന്‍ ഓവര്‍ ഇടിസിഎസ് - ലെവല്‍ ടു ആണ് സില്‍വര്‍ലൈനില്‍ ഉപയോഗിക്കുക.
ഹൈ സ്പീഡ്, സെമി ഹൈസ്പീഡ് ട്രെയിനുകള്‍ ഒരു സെക്കന്‍ഡില്‍ 50 മുതല്‍ 100 മീറ്റര്‍ വരെ സഞ്ചരിക്കും. അതുകൊണ്ടുതന്നെ പാതയോരത്തെ കളര്‍ലൈറ്റ് സിഗ്നലുകള്‍ നിരന്തരമായി നിരീക്ഷിച്ച് 160 കിലോമീറ്ററില്‍ കുടുതല്‍ വേഗതയുള്ള ട്രെയിനുകള്‍ നിയന്ത്രിക്കാന്‍ എന്‍ജിന്‍ ഡ്രൈവര്‍ക്കു സാധിക്കില്ല. സില്‍വര്‍ലൈന്‍ ഏര്‍പ്പെടുത്തുന്ന സിഗ്‌നല്‍ സംവിധാനത്തില്‍ ട്രെയിനിനകത്തു തന്നെ സിഗ്‌നല്‍ ലഭ്യമാകുന്ന കാബ് സിഗ്നലിങ് സിസ്റ്റമാണുണ്ടാകുക. യാത്രയിലുടനീളം ട്രെയിനിന്റെ വേഗത സ്വയം നിയന്ത്രിക്കാന്‍ കഴിയുമെന്നതാണ് കാബ് സിഗ്നലിങ്ങിന്റെ പ്രത്യേകത.
ട്രെയിനുകളുടെ സ്ഥാനം, വേഗം, ആക്‌സിലറേഷന്‍, മറ്റു ട്രെയിനുകളുടെ സ്ഥാനങ്ങള്‍ എന്നിവ അറിയാനുള്ള സംവിധാനം ഇടിസിഎസ് ലെവല്‍ ടു സിസ്റ്റത്തിലുണ്ട്. ട്രെയിനിന്റെ ലക്ഷ്യസ്ഥാനം, വേഗം, സഞ്ചരിക്കേണ്ട ദൂരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ എന്‍ജിന്‍ ഡ്രൈവര്‍ക്കു കൃത്യമായി ലഭ്യമാകും. ഡ്രൈവര്‍ക്ക് അശ്രദ്ധ സംഭവിച്ചാല്‍ പോലും എമര്‍ജന്‍സി സ്‌റ്റോപ്പ് വഴി ട്രെയിനിനെ സംരക്ഷിക്കാന്‍ ഈ സംവിധാനത്തിനു കഴിയുമെന്നും കെ–റെയിൽ വ്യക്തമാക്കി.