കേരളം കണ്ട ഏറ്റവും വലിയ മ‌യക്കുമരുന്ന് വേട്ട; കൊച്ചി ഹെറോയിൻകേസിൽ പാകിസ്ഥാൻ ബന്ധം, പ്രതികൾക്കായി ഹാജരായത് ആളൂർ

 


കേരള ലക്ഷദ്വീപ് തീരത്ത് സമീപകാലത്ത് നടന്ന ഏറ്റവും വലിയ മയക്കുമരുന്ന വേട്ടയാണ് അഗത്തി ദ്വീപിന് സമീപം നടന്നത്. 218കിലോ ഹെറോയിന് 1526കോടിയാണ് മൂല്യം കണക്കാക്കുന്നത്. ഇതുവരെയുള്ള അന്വേഷണത്തിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ പാകിസ്ഥാൻ ബന്ധമാണ്. പാകിസ്ഥാനിൽ നിന്നാണ് മയക്കുമരുന്ന് അറബിക്കടലിലൂടെ എത്തുന്നത്.  തോപ്പുംപടി കോടതിയിൽ ഡിആർഐ നൽകിയ റിമാൻഡ് റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. റിമാന്റ് റിപ്പോർട്ടിലും ഊന്നിപ്പറയുന്നത് പാകിസ്ഥാൻ ബന്ധമാണ്. 20പ്രതികളെയാണ് കോടതിയിൽ ഹാജരാക്കിയത്. ഇതിൽ ആദ്യ നാല് പ്രതികൾക്ക് പാകിസ്ഥാൻ ഉൾപ്പെട്ട അന്താരാഷ്ട്ര ശൃംഘലയുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസി വ്യക്തമാക്കുന്നു. കന്യാകുമാരി മാർത്താണ്ഡം മേഖലയിലെ മത്സ്യത്തൊഴിലാളികളെയാണ് ഡിആർഐ കോസ്റ്റ് ഗാർഡ് സംയുക്ത പരിശോധനയിൽ പിടികൂടിയത്. പൊഴിയൂർ സ്വദേശി സുജൻ, വിഴിഞ്ഞം സ്വദേശി ഫ്രാൻസിസ് എന്നിവരും പിടിയിലായിട്ടുണ്ട്. ലിറ്റിൽ ജീസസ്, പ്രിൻസ് എന്നീ തമിഴ്നാട് ബോട്ടുകളിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നത്. ഇതിൽ ബോട്ടുകളുടെ മാസ്റ്റർമാരായിരുന്ന ജിംസണ്‍, ഡൈസണ്‍ എന്നിവർക്ക് ബോട്ടിൽ മയക്കുമരുന്ന് കടത്തുന്ന വിവരങ്ങൾ  അറിയാമായിരുന്നു എന്നാണ് ഡിആർഐ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ജോണ്‍ കെന്നഡി, പി പ്രശാന്ത് എന്നീ പ്രതികൾക്കും കടത്തിൽ നേരിട്ട് ബന്ധമുളളതായി വ്യക്തമാക്കുന്നു. മലയാളികൾ അടക്കം മറ്റ് 16പേരുടെ പങ്ക് അന്വേഷിക്കുകയാണ്. മീൻ പിടിക്കാൻ പോയി എന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നത്. പാകിസ്ഥാനിൽ നിന്നും കപ്പലിൽ കൊണ്ടു വന്ന ഹെറോയിൻ അഗത്തി പുറങ്കടലിൽ ബോട്ടുകളിലേക്ക് മാറ്റിയെന്നാണ് അന്വേഷണത്തിലെ ആദ്യ വിവരങ്ങൾ. ലിറ്റിൽ ജീസസ് എന്ന ബോട്ടിൽ മൂന്ന് പാക്കറ്റുകളിൽ പാകിസ്ഥാൻ ലേബലാണ് ഉള്ളത്. 'ഹബീബ് ഷുഗർ മിൽസ്, വൈറ്റ് റിഫൈൻഡ് ഷുഗർ, പ്രോഡക്ട് ഓഫ് പാകിസ്ഥാൻ' എന്നാണ് പാക്കറ്റുകളിൽ പതിപ്പിച്ചിരുന്നത്. പാകിസ്ഥാനിൽ നിന്നാണ് മയക്കുമരുന്ന് എത്തിയതെങ്കിലും  ഇതിന്‍റെ സ്രോതസ്സ സംബന്ധിച്ച് മയക്കുമരുന്ന് കടത്തിൽ കുപ്രസിദ്ധമായ ഗോൾഡൻ ക്രസന്‍റാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ഇറാനെയും അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും ബന്ധിപ്പിക്കുന്ന സുവർണ്ണ ചന്ദ്രക്കല വഴിയാണ് തെക്കൻ ഏഷ്യയിലേക്ക് മയക്കുമരുന്ന് എത്തുന്നത്. ഇന്ത്യൻ തീരം ലക്ഷ്യമിട്ടാണ് ബോട്ടുകൾ മുന്നോട്ട് നീങ്ങിയതെന്ന കണ്ടെത്തൽ ഉയർത്തുന്ന പ്രധാന ചോദ്യവും ഇതാണ്. മയക്കുമരുന്ന് ബോട്ടുകൾ ലക്ഷ്യംവച്ചത് കേരളമോ അതോ തമിഴ്നാടോ? അ‍ഡ്വ ബിഎ ആളൂാരാണ് ഡിആർഐ പിടികൂടിയ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി കോടതിയിൽ എത്തിയിരിക്കുന്നത്. മലയാളികൾ അടക്കം പിടിക്കപ്പെട്ടത് കൊണ്ടാണ് നിയമസഹായം നൽകാൻ തയ്യാറായതെന്നാണ് ആളൂരിന്‍റെ പ്രതികരണം. വിവാദമായ പലകേസുകളിലും പ്രതികൾക്ക്  വേണ്ടി ഹാജരായാണ് ആളൂർ ശ്രദ്ധ നേടുന്നത്. സൗമ്യ കൊലക്കേസിൽ ഗോവിന്ദചാമിക്ക് വേണ്ടിയും ജിഷക്കേസിൽ അമീറുൾ ഇസ്ലാമിന് വേണ്ടിയും ഹാജരായ ആളൂർ കൂടത്തായി കേസിൽ ഇപ്പോൾ ജോളിക്ക് വേണ്ടി സജീവമാണ്. വിസ്മയ കേസിൽ ഭർത്താവ് കിരണിന് വേണ്ടി ഹാജരായെങ്കിലും പിന്നീട് അഭിഭാഷകനെ മാറ്റിയിരുന്നു. ഒടുവിലാണ് കേരളം സമീപകാലത്ത് കണ്ട ഏറ്റവും വലിയ മയക്കുമരുന്ന കടത്ത് കേസിൽ പ്രതികൾക്കായി ആളൂർ രംഗത്തെത്തുന്നത്..


Previous Post Next Post