കൊച്ചി: ഒരു മാസത്തോളം നീണ്ട് നിന്ന് പ്രചാരണത്തിന് ഒടുവിൽ തൃക്കാക്കര നാളെ പോളിങ് ബൂത്തിലെത്തും. ഇന്നലെ കൊട്ടിക്കലാശത്തോടെ പരസ്യപ്രചാരണം അവസാനിച്ചു.
ഇന്ന് നിശബ്ദ പ്രചാരണത്തിനുള്ള ദിവസമാണ്. വോട്ടുറപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സ്ഥാനാർഥികളും പാർട്ടി പ്രവർത്തകരും രംഗത്തിറങ്ങും. മണ്ഡലത്തിന് പുറത്ത് നിന്നുള്ള നേതാക്കൾ പരസ്യപ്രചാരണം അവസാനിച്ചതോടെ തന്നെ മണ്ഡലം വിട്ട് കഴിഞ്ഞു.
പോളിങ്ങ് സാമഗ്രികളുടെ വിതരണം ഇന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ രാവിലെ 8 മുതല്‍ നടക്കും. തിരക്ക് ഒഴിവാക്കുന്നതിനായി സമയക്രമം അനുസരിച്ച് രാവിലെ 8, 9, 10, 11 എന്നീ സമയങ്ങളില്‍ മഹാരാജാസ് കോളേജിലെത്തി പോളിങ്ങ് സാമഗ്രികള്‍ കൈപ്പറ്റാനാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. പോളിങ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചായിരിക്കും വിതരണം.
പോളിങ് സാമഗ്രികള്‍ സ്വീകരിച്ച ശേഷം ഉദ്യോഗസ്ഥരെ പോളിങ്ങ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനായി 36 വലിയ ബസുകള്‍, 28 ചെറിയ ബസുകള്‍, 25 ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.
പോളിങ്ങിനായി 327 ബാലറ്റ് യൂണിറ്റുകളും 320 കണ്‍ട്രോള്‍ യൂണിറ്റുകളും 326 വിവിപാറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രമായ എറണാകുളം മഹാരാജാസ് കോളേജിൽ തന്നെയാണ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സ്‌ട്രോങ് റൂമും ഒരുക്കിയിരിക്കുന്നത്.
മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ്. വൈകുന്നേരം 6 വരെ ബൂത്തിലെത്തുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്താൻ കഴിയും. 196805 വോട്ടര്‍മാര്‍ ആണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 3633 പേരാണ് ആദ്യമായി തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. ആകെയുള്ള 196805 വോട്ടര്‍മാരില്‍ 95274 പേര്‍ പുരുഷന്മാരും 101530 പേര്‍ സ്ത്രീകളും ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡറുമാണ്.
ആകെ 239 ബൂത്തുകളാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. 239 പോളിംഗ് ബൂത്തുകളില്‍ 75 എണ്ണം ഓക്‌സിലറി ബൂത്തുകളാണ്. അഞ്ച് മാതൃകാ പോളിങ്ങ് സ്‌റ്റേഷനുകളും മണ്ഡലത്തിലുണ്ട്.