വാഹനാപകടം: ഖത്തറിൽ മൂന്ന് മലയാളികൾ മരിച്ചു


ദോഹ. ഖത്തറിൽ വാഹനാപകടത്തിൽ മൂന്ന് മലയാളികൾ മരിച്ചതായി റിപ്പോർട്ടുകൾ. രണ്ടാം പെരുന്നാള്‍ ദിവസം ഖത്തറിലെ മിസഈദിലാണ് വാഹനാപകടം ഉണ്ടായത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള രണ്ട് പേരും ആലപ്പുഴയില്‍ നിന്നുള്ള ഒരാളുമാണ് മരിച്ചത്. കീഴുപറമ്പ സ്വദേശി മാരാന്‍ കുളങ്ങര ഇയ്യക്കാട്ടില്‍ മഹമൂദിന്റെ മകന്‍ എം.കെ. ശമീം, പൊന്നാനിക്കടുത്ത് മാറഞ്ചേരി പുറങ്ങ് സ്വദേശി അറക്കല്‍ അണ്ടിപ്പാട്ടില്‍ മുഹമ്മദലി മകന്‍ റസാഖ് (31) ആലപ്പുഴ സ്വദേശി സജിത് മാങ്ങാട്ട് സുരേന്ദ്രന്‍ (37) എന്നിവരാണ് മരിച്ചത്. സജിതിന്റെ ഭാര്യ പരിക്കുകളോടെ ഹമദ്​ മെഡിക്കല്‍കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്​. കുഞ്ഞിന് പരിക്കുകളൊന്നുമില്ലെന്നാണ് ലഭ്യമാവുന്ന വിവരം.ഇവര്‍ സഞ്ചരിച്ച ലാന്‍ഡ് ക്രൂയിസര്‍ മരുഭൂമിയിലെ കല്ലില്‍ തട്ടി തലകീഴായി മറിഞ്ഞുവെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം. ഉടന്‍ എയര്‍ ആംബുലന്‍സെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മൂവരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടിരുന്നു. സജിത്തിന്റെ വാ​ഹനം ഓടിച്ച ഡ്രൈവര്‍ ശരണ്‍ജിത് ​ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.മൃതദേഹം വക്​റയിലെ ഹമദ്​ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഔദ്യോ​ഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിന് ശേഷം സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന. മയിദറില്‍ താമസിക്കുന്ന സുഹൃത്തുക്കൾ ഒരുമിച്ച് പുറത്തുപോകുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. 

Previous Post Next Post