ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയെ മാത്രം ലക്ഷ്യമിട്ട് പുതിയ ബിയര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് അന്താരാഷ്ട്ര മദ്യ നിര്‍മാതാക്കളായ അന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ്.
ബുദ്‌വെയ്സര്‍, കൊറോണ എക്സ്ട്രാ, ഹൊഗാര്‍ഡന്‍ തുടങ്ങിയ മുന്തിയ ഇനം ബിയറുകളുടെ നിര്‍മാതാക്കളാണ് അന്‍ഹ്യൂസര്‍-ബുഷ് ഇന്‍ബെവ്. സെവന്‍ റിവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ ബിയര്‍, ഗോതമ്പ് മുതലായ ഇന്ത്യയില്‍ പ്രാദേശികമായി ലഭിക്കുന്ന അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മിക്കുകയെന്ന് നിര്‍മാതാക്കള്‍ അറിയിച്ചു. ഇന്ത്യയില്‍ മാത്രമായിരിക്കും ഈ ബിയര്‍ ലഭ്യമാകുകയെന്നും വിദേശ വിപണിയെ തത്ക്കാലം ലക്ഷ്യമിടുന്നില്ലെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.
കര്‍ണാടകയിലും മഹാരാഷ്ട്രയിലുമാണ് ആദ്യമായി സെവന്‍ റിവേഴ്സ് ബിയര്‍ പുറത്തിറക്കുക. വിപണിയില്‍ നിന്നുള്ള പ്രതികരണം നിരീക്ഷിച്ച ശേഷം ഡല്‍ഹി, ഗോവ. ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കും വില്പന വ്യാപിപ്പിക്കും. ഇന്ത്യന്‍ രുചികളോട് ഇണങ്ങിനില്‍ക്കുന്ന ഉത്പന്നമായിരിക്കും സെവന്‍ റിവേഴ്സ് എന്നതുകൊണ്ട് തന്നെ വളരെ വേഗം വിപണി പിടിച്ചടക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ കണക്ക് കൂട്ടുന്നത്.
കര്‍ണാടകയില്‍ സെവന്‍ റിവേഴ്‌സിന്റെ 500 മില്ലി ക്യാനിന് 130 രൂപയും മഹാരാഷ്ട്രയില്‍ 500 മില്ലി ക്യാനിന് 165 രൂപയുമാണ് വില. ഗോതമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ബിയറിന് ഇന്ത്യയില്‍ ഡിമാന്‍ഡ് കൂടുതലായതിനാല്‍ വീര്യം കൂടിയ സ്ട്രോംഗ് വീറ്റ് ബിയറും വീര്യം കുറഞ്ഞ മൈല്‍ഡ് വീറ്റ് ബിയറും ഉത്പാദിപ്പിക്കാനാണ് പദ്ധതി.