കൊച്ചി: വിദേശത്തു നിന്നും നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങി നാട്ടിലേക്ക് പോകവേ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു. അട്ടപ്പാടി അഗളി സ്വദേശി അബ്ദുള്‍ ജലീല്‍ ആണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
പെരിന്തല്‍മണ്ണ ആക്കപ്പറമ്പിലാണ് അബ്ദുള്‍ ജലീലിനെ പരിക്കുകളോടെ കണ്ടെത്തിയത്. ആക്രമിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. സ്വര്‍ണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്.
ഈ മാസം 15 നാണ് അബ്ദുള്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയത്. വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയിരുന്നെങ്കിലും അവര്‍ക്കൊപ്പം പോകാതെ സുഹൃത്തിനൊപ്പം വരാമെന്ന് പറഞ്ഞു. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
ഇതിനിടെ, കഴിഞ്ഞദിവസമാണ് പെരിന്തല്‍മണ്ണയ്ക്കടുത്ത് അബ്ദുള്‍ ജലീലിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിച്ചശേഷം യുവാക്കള്‍ മുങ്ങിയതായി ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചു.