എരുമേലി കുറുവാമുഴിയിലെ ഇത്തിരിപ്പോന്ന പഴയ വീട്ടിലെ ചെറിയ ഹോട്ടലിൽ പൊറോട്ടയടിച്ച് അമ്മയെയും കൊച്ചു കുടുംബത്തെയും സഹായിക്കുന്ന അനശ്വര ഇനി അഭിഭാഷക.


എൻറോൾമെന്റിനായി എത്തിയ അനശ്വര കേരള ഹൈക്കോടതിയുടെ മുന്നിൽ നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്.
ആ ചിത്രം കണ്ട് മിഴികൾ നിറഞ്ഞൊഴുകിയ ഒരാളുണ്ട്... അനശ്വരയുടെ അമ്മ സുബി... എരുമേലി കുറുവാമുഴി കാശാൻകുറ്റിയിൽ സുബി എന്ന അമ്മയുടെ അഭിമാനത്തിന്റെ ചിത്രം കൂടിയാണ് വക്കീൽ ആകാനുള്ള എൻറോൾമെന്റിന് കറുത്ത ഗൗൺ അണിഞ്ഞ് ഹൈക്കോടതിക്ക് മുന്നിൽ നിൽക്കുന്ന അനശ്വരയുടെ ചിത്രം.

ഭർത്താവ് ഉപേക്ഷിച്ചു നാട് വിട്ടുപോയതോടെ സ്വന്തം വീടും സ്ഥലവും ഇല്ലാതെ രണ്ട് പെണ്മക്കളുമായി എവിടെ പോകുമെന്നറിയാതെ പണ്ട് വിഷമിച്ചപ്പോഴുണ്ടായ കണ്ണീർ അല്ല ഇപ്പോൾ സുബിയുടെ മുഖത്ത്. അഭിമാനത്തിന്റെയും അകമഴിഞ്ഞ സംതൃപ്തിയുടെയും കണ്ണുനീരാണ് ആ മിഴികളിൽ ഇപ്പോൾ. ജീവിതപ്രയാസങ്ങളോട് എതിരിട്ട അമ്മയ്ക്ക് കരുത്ത് പകർന്ന മകൾ കൂടിയാണ് അനശ്വര.

പ്രാരാബ്ധങ്ങളുടെ നടുവിലുള്ള കുടുംബവീടായിരുന്നു രണ്ട് പെണ്മക്കളുമായി ജീവിതത്തിൽ ഒറ്റപ്പെട്ട അമ്മ സുബിക്ക് അഭയമായത്. അവിടെ തുടങ്ങുന്നു സുബിയുടെ പോരാട്ടം. വീടിനോട് ചേർന്ന് കൊച്ചു ഹോട്ടൽ നടത്തിയാണ് മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ചെലവ് ആ അമ്മ കണ്ടെത്തിയത്. അവിടെ അമ്മയ്ക്ക് കൂട്ടും താങ്ങും തണലുമായി മകൾ അനശ്വര.

സ്‌കൂളിലും കോളേജിലും പഠനത്തിൽ മിടുക്കിയായ അനശ്വര തൊടുപുഴ അൽ അസ്ഹർ കോളേജിലാണ് എൽഎൽബി പഠിച്ചത്. അവിടെ പഠനകാലത്ത് പലർക്കും അറിയില്ലായിരുന്നു അവളുടെ ജീവിതവിഷമങ്ങൾ. എല്ലാവർക്കും പോസിറ്റീവ് എനർജി പകർന്ന് ഉത്സാഹത്തോടെ ഇടപെടുമായിരുന്നു അനശ്വര. അവളെ അടുത്തറിഞ്ഞപ്പോഴാണ് അവരിൽ പലർക്കും പ്രയാസങ്ങളുടെ മല ചുമക്കുന്നതിന്റെ വിഷമം മുഖത്ത് അണിയാത്ത അനശ്വരക്ക് മുമ്പിൽ തങ്ങളുടെ പ്രശ്നങ്ങളൊക്കെ തീർത്തും നിസാരമാണെന്ന് അറിഞ്ഞത്. അവളുടെ ആ ചെറിയ വീട്ടിലേക്ക് കൂട്ടുകാർ എത്തിയത് കോളേജിൽ കൊണ്ടുവരുന്ന പൊറോട്ടയുടെ കഥ അറിഞ്ഞിട്ടായിരുന്നു. കോളേജിൽ അവളുടെ വിളിപ്പേര് കൂടിയായിരുന്നു പൊറോട്ട...

കോവിഡ് കാലത്ത് അവധിയിൽ വീട്ടിലെ ഹോട്ടലിൽ അമ്മയെ സഹായിക്കാൻ പൊറോട്ട അടിക്കുന്ന അവളുടെ ചിത്രം അങ്ങനെ ആണ് മറ്റുള്ളവർക്ക് പ്രചോദനം പകരാൻ കൂട്ടുകാർ കോളേജിലെ ഫേസ്ബുക് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തത്. അത് കേരളക്കരയാകെ നിറയാൻ പിന്നെ താമസമുണ്ടായില്ല.

സുപ്രീം കോടതി ജഡ്ജി മുതൽ സിനിമാ താരങ്ങളും ജനപ്രതിനിധികളും ഉൾപ്പടെ ഒട്ടേറെ പേരാണ് തുടർന്ന് സഹായങ്ങളുമായി എത്തിയത്. 

ഇനി എൻറോൾമെന്റ് കൂടി കഴിഞ്ഞതോടെ ജീവിതത്തിൽ ഏറെ ആഗ്രഹിച്ച അഭിഭാഷക വേഷം അനശ്വരയ്ക്ക് സ്വന്തമായിരിക്കുകയാണ്.

അഭിഭാഷകയാകുന്നതിനും ആഗ്രഹം പോലെ ജഡ്ജി ആകുന്നതിനും അനശ്വരയ്ക്ക് കഴിയട്ടെ... അത് കണ്ട് സന്തോഷിക്കാനുള്ള ഭാഗ്യം ആ അമ്മയ്ക്കുണ്ടാകട്ടെ.അനശ്വരയ്ക്കും കുടുംബത്തിനും  ആശംസകൾ... അഭിനന്ദനങ്ങൾ...
Previous Post Next Post