ഈ ഉപഭോക്താക്കൾക്ക് ഇനി പുതിയ സിം കാർഡ് വാങ്ങാൻ കഴിയില്ല; സർകാർ നിയമങ്ങൾ മാറ്റി; കൂടുതലറിയാം
ന്യൂഡെൽഹി:സിം കാർഡുകൾ സംബന്ധിച്ച നിയമങ്ങളിൽ കേന്ദ്ര സർകാർ മാറ്റം വരുത്തി. ഇതോടെ ചില ഉപഭോക്താക്കൾക്ക് പുതിയ സിം ലഭിക്കുന്നത് കൂടുതൽ എളുപ്പമായി. എന്നാൽ ചിലർക്ക് ഇപ്പോൾ പുതിയ സിം ലഭിക്കുന്നത് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കൂടാതെ ഉപഭോക്താക്കൾക്ക് പുതിയ സിമിനായി ഓൺലൈനായി അപേക്ഷിക്കാം. സിം കാർഡ് അവരുടെ വീട്ടിലേക്ക് വരും.
ഇവർക്ക് ലഭിക്കില്ല
ഇനി ടെലികോം കംപനികൾക്ക് 18 വയസിന് താഴെയുള്ളവർക്ക് പുതിയ സിം വിൽക്കാൻ കഴിയില്ല. ഇതോടൊപ്പം മാനസിക നില മോശമായ ആളുകൾക്ക് പുതിയ സിം നൽകില്ല. സർകാർ ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കും.
പുതിയ സിം
18 വയസിന് മുകളിലുള്ള ഉപഭോക്താക്കൾക്ക് അവരുടെ പുതിയ സിമിനായി ആധാറോ ഡിജിലോകറിൽ സേവ് ചെയ്തിരിക്കുന്ന ഏതെങ്കിലും രേഖയോ ഉപയോഗിച്ച് സ്വയം പരിശോധിക്കാവുന്നതാണ്. സെപ്റ്റംബർ 15 ന് മന്ത്രിസഭ അംഗീകരിച്ച ടെലികോം പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ നീക്കം. പുതിയ നിയമങ്ങൾ അനുസരിച്ച്, പുതിയ സിം കാർഡിനായി യുഐഡിഎഐയുടെ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെവൈസി സേവനത്തിലൂടെയുള്ള സർടിഫികേഷനായി ഉപയോക്താക്കൾ ഒരു രൂപ നൽകേണ്ടിവരും.
വീട്ടിൽ ഇരുന്ന് സിം കാർഡ് എടുക്കാം
യുഐഡിഎഐ അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ വീട്ടിലിരുന്ന് സിം നേടാം. ഉപഭോക്താക്കൾക്ക് ഒരു ആപ് അല്ലെങ്കിൽ പോർടൽ അധിഷ്ഠിത പ്രക്രിയയിലൂടെയായിരിക്കും സേവനം ലഭ്യമാക്കുക. ആദ്യത്തെ സിം കാർഡിനോ അല്ലെങ്കിൽ മൊബൈൽ കണക്ഷൻ പ്രീപെയ്ഡിൽ നിന്ന് പോസ്റ്റ്പെയ്ഡിലേക്ക് മാറ്റാനോ കെവൈസി പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ട്.