വിവാദ ഭാഗങ്ങള്‍ നീക്കില്ലെന്ന് ടിക്കാറാം മീണ; പുസ്തക പ്രകാശനച്ചടങ്ങില്‍ പ്രഭാവര്‍മ്മ പങ്കെടുത്തില്ല


തിരു.: ആത്മകഥയില്‍ നിന്ന് വിവാദ ഭാഗങ്ങള്‍ നീക്കില്ലെന്ന് മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെയുള്ള ആരോപണങ്ങള്‍ പുസ്തകത്തിലുണ്ട്. വിവാദ പരാമര്‍ശങ്ങള്‍ നീക്കിയ ശേഷം പ്രസിദ്ധീകരിക്കണമെന്ന പി. ശശിയുടെ ആവശ്യം മീണ തള്ളി. എന്നാല്‍   പുസ്തക പ്രകാശനച്ചടങ്ങില്‍  മുഖ്യമന്ത്രിയുടെ മാധ്യമ സെക്രട്ടറി പ്രഭാവര്‍മ്മ പങ്കെടുത്തില്ല. പങ്കെടുക്കുന്നതില്‍ അനൗചിത്യമെന്ന് പ്രഭാവര്‍മ്മ അറിയിച്ചു.
      ടിക്കാറാം മീണയുടെ ആത്മകഥയ്ക്കെതിരെ പി. ശശി വക്കീൽ നോട്ടിസ് അയച്ചിരുന്നു. തൃശൂരിൽ കലക്ടർ ആയിരിക്കെ വ്യാജക്കള്ള് നിർമ്മാതാക്കൾക്കെതിരെ നടപടിയെടുത്തതിന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയിരുന്ന ശശി ഇടപെട്ടു സ്ഥലംമാറ്റി എന്നാണ് മീണ ആത്മകഥയിൽ വെളിപ്പെടുത്തുന്നത്. വയനാട് കലക്ടർ ആയിരിക്കെ സസ്പെൻഡ് ചെയ്തതിനു പിന്നിലും ശശി ആണെന്ന് പുസ്തകത്തിൽ മീണ പറയുന്നു.
      പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറി മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നാണ് ശശി വക്കീൽ നോട്ടിസിൽ ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപ നഷ്ടപരിഹാരവും വേണം. തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ ശശി തരൂർ എംപിയാണ് മീണയുടെ ആത്മകഥ 'തോൽക്കില്ല ഞാൻ' പ്രകാശനം ചെയ്തത്.



Previous Post Next Post