ഒമാനിലെ പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും എല്ലാ കൊവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കി

 


മസ്‌ക്കറ്റ്: ഒമാനില്‍ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ഏര്‍പ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചു. കോവിഡ് നിയന്ത്രണത്തിനായി നിലവില്‍ വന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉണ്ടായത്. ഇന്നലെ ഞായറാഴ്ച ചേര്‍ന്ന സുപ്രിം കമ്മിറ്റിയുടെ കോവിഡ് അവലോകന യോഗം രാജ്യത്തിലെ കോവിഡ് വ്യാപനത്തിന്റെ തോതും ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണവും ഗണ്യമായി കുറഞ്ഞവന്ന കാര്യം പരിഗണിച്ചാണ് നിയന്ത്രിണങ്ങള്‍ നീക്കാന്‍ തീരുമാനിച്ചത്. ഇതുപ്രകാരം രാജ്യത്തെ പൊതു ഇടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും ഇല്ലാതായി. അതേസമയം, എല്ലാവരും കോവിഡ് മഹാമാരിക്കെതിരായ ജാഗ്രത തുടരണമെന്നും സുപ്രിം കമ്മിറ്റി നിര്‍ദ്ദേശിച്ചു. സമൂഹത്തിലെ എല്ലാ അംഗങ്ങളും ആരോഗ്യ സംരക്ഷണ സംസ്‌ക്കാരം വളര്‍ത്തിയെടുക്കണം. പനിയോ ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളോ ഉള്ള ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുത്. അവര്‍ മറ്റുള്ളവരുമായി ഇടകലരുന്നത് ഒഴിവാക്കണം. അവര്‍ പുറത്തിറങ്ങേണ്ട ആത്യാവശ്യ സാഹചര്യത്തില്‍ മാസ്‌ക് ധരിച്ചു വേണം ഇറങ്ങാനെന്നും സുപ്രിം കമ്മിറ്റി നിര്‍ദ്ദേശിച്ചു. അതോടൊപ്പം പ്രായമായവര്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് തുടരണം. രാജ്യത്തെ എല്ലാ സ്വദേശികളും വിദേശികളശും കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ തയ്യാറാകണമെന്നും സപ്രീം കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ജനങ്ങള്‍ കാണിക്കുന്ന ജാഗ്രതയ്ക്ക് നന്ദി പറഞ്ഞ കമ്മിറ്റി, വരും ദിനങ്ങളിലും കോവിഡിനെതിരായ പ്രതിരോധത്തില്‍ സജീവമായി രംഗത്തുണ്ടാവണമെന്ന് അഭ്യര്‍ഥിച്ചു.

Previous Post Next Post