തിരുവനന്തപുരം: കാട്ടാക്കടയിൽ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച. കാട്ടാക്കടയ്ക്ക് സമീപം കളിയാക്കോടാണ് സംഭവം. ഞായറാഴ്ച രാവിലെ കളിയാക്കോട് സ്വദേശി രതീഷിന്റെ വീട്ടിലെത്തിയ മോഷ്ടാവ് തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ആഭരണങ്ങൾ കവരുകയുമായിരുന്നു. മരുമകൻ രതീഷും മകൾ ജ്യോതിയും രാവിലെ ആറുമണിയോടെ പള്ളിയിൽ പോയ സമയത്തായിരുന്നു കവർച്ച നടന്നത്. കാട്ടാക്കട മുതിയാവിള കളിയകോട് ശാലോം ഭവനിൽ ആണ് രാവിലെ 7 മണിയോടെ സംഭവം നടന്നത്. ഈ സമയം രതീഷിന്റെ ആറും എഴും വയസുള്ള മക്കളും ഭാര്യയുടെ അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് മുറികളിലായി കിടക്കുകയായിരുന്നു ഇവർ. മോഷ്ടാവ് അകത്തെ മുറിയിലെ അലമാര തുറക്കുന്ന സമയത്താണ് കളളനെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് മോഷ്ടാവ് കുമാരിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. കുമാരിയുടെ കാതിൽ കിടന്ന കമ്മൽ ഊരി വാങ്ങുകയും ശേഷം തോക്കിൻ മുനയിൽ നിറുത്തി ഭീഷണിപ്പെടുത്തുകയും കുനിച്ചു നിറുത്തി മർദിക്കുകയും ചെയ്തു. കവർച്ച നടത്തിയ ശേഷം പിറകിലെ വാതിൽ വഴിയാണ് കള്ളൻ പുറത്തേയ്ക്ക് പോയത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.