കൊച്ചി: എറണാകുളം കലൂർ സ്റ്റേഡിയത്തിനു സമീപം ലഹരി സംഘങ്ങളുടെ വെടിവയ്പു പരിശീലനത്തിനിടെ അഭിഭാഷകനു വെടിയേറ്റു. ശനിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂർ സ്വദേശിയായ അഭിഭാഷകൻ അജ്മലിനു ചെവിക്കു സമീപം വെടിയേറ്റതിനെ തുടർന്നു ചികിത്സ തേടി. ഇതോടെ സമീപത്തുണ്ടായിരുന്ന അഞ്ചംഗ സംഘം ചിതറിയോടുകയും ബൈക്കിൽ രക്ഷപെടുകയും ചെയ്തു.
അജ്മലിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. എയർ ഗൺ ഉപയോഗിച്ചാണ് വെടിവച്ചത് എന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സമീപ പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. യുവാക്കൾ തോക്കുപയോഗിച്ചു പരിശീലനം നടത്തിയതിന്റെ തെളിവുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഉപയോഗിച്ച പെല്ലറ്റുകൾ സ്ഥലത്തു നിന്നു കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.