മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എഴും, പതിമൂന്നും വയസുള്ള പെണ്‍കുട്ടികളെയും, മുത്തച്ഛനെയും K R T C ബസ്സിൽ നിന്നും വഴിയില്‍ ഇറക്കി വിട്ടതായി പരാതി.


തൊടുപുഴയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ച കെ.ചപ്പാത്ത് തേക്കാനത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍ക്കും കൊച്ചുമക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്. വാസുദേവന്‍ നായര്‍ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരികയായിരുന്നുയ കാഞ്ഞാറിലെത്തിയപ്പോള്‍ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു.വാഹനം നിര്‍ത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചു.തുടര്‍ന്ന് എഴുന്നേറ്റു ചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അനിഷ്ടം പ്രകടിപ്പിച്ചു. തുടര്‍ന്ന് കുട്ടിക്ക് അസ്വസ്ഥത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി ഉടന്‍ തന്നെ വാഹനം ഓടിച്ചുപോയി. 20 മിനിട്ടിലേറെ വഴിയില്‍ കാത്തു നിന്ന ശേഷമാണ് ഇവര്‍ക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാര്‍ക്കെതിരെ മാതൃക നടപടിയെടുക്കണമെന്ന് കാണിച്ച്‌ തൊടുപുഴ ഡി.ടി.ഒയ്ക്ക് പരാതി നല്‍കി.

മുത്തച്ഛനെയും പേരക്കുട്ടികളെയും വഴിയിലിറക്കി വിട്ടെന്ന പരാതിയില്‍ കര്‍ശന അന്വേഷണത്തിനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് വിജിലന്‍സിന് പരാതി കൈമാറിയതായി തൊടുപുഴ ഡി.ടി.ഒ എ.അജിത് പറഞ്ഞു. കൂടാതെ അന്ന് സര്‍വീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് അനൗദ്യോഗിക വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.
Previous Post Next Post