കോട്ടയം : പോപ്പുലർ ഫ്രണ്ട് റാലിയിലെ പ്രകോപന മുദ്രാവാക്യവുമായി ബന്ധപ്പെട്ട കേസിൽ ഈരാറ്റുപേട്ട സ്വദേശി അൻസാർ നജീബ് പൊലീസ് കസ്റ്റഡിയിൽ. കുട്ടിയെ കൊണ്ടുവന്നത് ഇയാളെന്നാണ് സൂചന. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെയാണ് അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഈരാറ്റുപേട്ടയിൽ പ്രതിഷേധവുമായി എസ്.ഡി.പി.ഐ രംഗത്തെത്തി.
ആലപ്പുഴയില്‍ നിന്നും എത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി 10 മണിയോടെയാണ് അന്‍സാറിനെ കസ്റ്റഡിയില്‍ എടുത്തത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ട നഗരത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.നേരത്തെ കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല വിളിച്ചതെന്നാണ് പോപ്പുലർ ഫ്രണ്ടിൻറെ വിശദീകരണം.
റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടിൽ ആലപ്പുഴയിൽ നടന്ന ജനമഹാ സമ്മേളനത്തിൽ കുട്ടി മുഴക്കിയ മുദ്രാവാക്യമാണ് വിവാദമായത്. അന്യമത വിദ്വേഷം പ്രചരിപ്പിക്കുന്ന മുദ്രാവാക്യം എന്നായിരുന്നു പരാതി. 10 വയസ്സുപോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലിൽ ഇരുന്ന് പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുന്നതും മറ്റുള്ളവർ ഏറ്റുവിളിക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു