100 ഓളം പോലീസുകാർ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ; അധോലോക നായകൻ ലോറൻസ് ബിഷ്നോയ്ക്ക് ഒരുക്കിയ സുരക്ഷ ഇങ്ങനെ

 


ചണ്ഡിഗഡ്: പഞ്ചാബ് ഗായകൻ സിദ്ദു മൂസ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധോലോക നായകൻ ലോറൻസ് ബിഷ്നോയ്ക്ക് കടുത്ത സുരക്ഷയൊരുക്കി പഞ്ചാബ് പോലീസ്. ഇയാളെ ഇന്നലെ പഞ്ചാബ് കോടതി ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.  പ്രമുഖർക്കെതിരെ ആക്രമണം നടത്തുവാൻ പദ്ധതിയിട്ടവയിൽ മുഖ്യ ആസൂത്രകനും പ്രതിയുമാണ് ബിഷ്നോയ്. കടുത്ത സുരക്ഷയിലാണ് ഇയാളെ കോടതിയിൽ എത്തിച്ചത്. നൂറിലധികം പോലീസുകാരുടെ സുരക്ഷയിൽ ബുള്ളറ്റ് പ്രൂഫായ രണ്ട് ഡസൻ വാഹനങ്ങളുടെ അകമ്പടിയിലാണ് പോലീസ് ഇയാളെ കോടതിയിൽ എത്തിച്ചത്.


കേസിൽ പഞ്ചാബ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ബിഷ്ണോയിയെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുള്ളത്. ബുധനാഴ്ച പുലർച്ചെയാണ് പഞ്ചാബ് പോലീസ് ലോറൻസ് ബിഷ്‌ണോയിയെ മാനസ കോടതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ പഴുതടച്ചുള്ള സുരക്ഷ ഏർപ്പാടാക്കിയിരിക്കുന്നത്. പിന്നീട്, അഡ്വക്കേറ്റ് ജനറൽ നേരിട്ട് ഹാജരായി റിമാൻഡിന് വേണ്ടി ശക്തമായി ആവശ്യപ്പെടുകയായിരുന്നു. മെയ് 29നാണ് ഗായകൻ മൂസാവാല വെടിയേറ്റ് കൊല്ലപ്പെട്ടത്.

ഡൽഹി പട്യാല ഹൗസ് കോടതി അനുമതി നൽകിയതിനെ തുടർന്നാണ് തീഹാർ ജയിലിലുള്ള ലോറൻസ് ബിഷ്‌ണോയിയെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. തീഹാർ ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്ണോയ് കാനഡയിലുള്ള സഹായി ഗോൾഡി ബ്രാർ‌ വഴി പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ദു മൂസ വാലയെ കൊലപ്പെടുത്തി എന്നാണ് പഞ്ചാബ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

മൂത്ത സഹോദരൻ വിക്കി മധുഖേരയുടെ മരണത്തിൽ ഗായകന് പങ്കിന് പ്രതികാരമായാണ് കൊലപാതകം ചെയ്തതെന്ന് വ്യക്തമാക്കുന്ന ലോറൻസിന്റെ സഹോദരന്റ് ശബ്ദരേഖയും പോലീസിന് ലഭിച്ചിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോലീസ ഡൽഹി പാട്യാല ഹൗസ് കോടതിയെ സമീപിച്ചത്.

അതിന് പുറമെ, ബോളിവുഡ് താരം സൽമാൻ ഖാനെ വധിക്കാൻ ശ്രമം നടത്തിയിരുന്നതായി ലോറൻസ് പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. താരത്തെ അദ്ദേഹത്തിന്റെ വസതിയിൽ വച്ച് കൊലപ്പെടുത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിനായി ഷൂട്ടറായ സമ്പത്ത് നെഹ്റയെ ഏർപ്പെടുത്തിയിരുന്നതായും ചോദ്യം ചെയ്യലിനിടെ പോലീസിനെ അറിയിച്ചിരുന്നു.
Previous Post Next Post