തിരുവനന്തപുരം : മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികള്‍ തട്ടിക്കൊണ്ട് പോയ കോസ്റ്റല്‍ പോലീസിലെ രണ്ട് ഉദ്യോഗസ്ഥരേയും ഒരു കോസ്റ്റല്‍ ഗാര്‍ഡിനേയും മോചിപ്പിച്ചു. അനധികൃത വല ഉപയോഗിച്ചുള്ള മത്സ്യബന്ധനം തടയാനെത്തിയ വിഴിഞ്ഞം കോസ്റ്റല്‍ പോലീസിലെ എഎസ്‌ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റ് ഗാര്‍ഡ് സൂസൈന്‍ എന്നിവരേയാണ് മത്സ്യ തൊഴിലാളികള്‍ തട്ടിക്കൊണ്ട് പോയത്. മുതലപ്പൊഴി ഹാര്‍ബറിന് സമീപത്തെ ഉള്‍ക്കടലില്‍ വെച്ചാണ് ബന്ദികളാക്കിയ ഉദ്യോഗസ്ഥരെ മണിക്കൂറുകള്‍ക്കകം അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസിന്റെ നേതൃത്തിലുള പോലീസ് സംഘം കണ്ടെത്തിയത്. സംഭവത്തില്‍ മത്സ്യത്തൊഴിലാളി സംഘത്തിലെ 10 പേരേ പോലീസ് പിടികൂടി. തുമ്പ ഭാഗത്ത് പതിനഞ്ചോളം വള്ളങ്ങളിലെത്തിയവര്‍ നിരോധിച്ച കുരുക്കുവല ഉപയോഗിച്ച് മീന്‍പിടിക്കുന്നതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വിഴിഞ്ഞം കോസ്റ്റല്‍ പോലീസ്, ബോട്ടില്‍ തുമ്പ കടലില്‍ എത്തിയത്. കടലില്‍ മീന്‍പിടിക്കുകയായിരുന്ന കഴക്കൂട്ടം സ്വദേശി ബിനു എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സൗഭാഗ്യ എന്ന മത്സ്യബന്ധനബോട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ കയറി. ബോട്ട് വിഴിഞ്ഞത്തേക്കു വിടാന്‍ നിര്‍ദേശിച്ചപ്പോള്‍ ഉദ്യോഗസ്ഥരുമായി അഞ്ചുതെങ്ങു ഭാഗത്തേക്കു വേഗത്തില്‍ ഓടിച്ചു പോകുകയായിരുന്നു.
ഇതിന് ശേഷം ബന്ദികളാക്കിയ പോലീസുകാരെ ഭീഷണിപെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ് വര്‍ക്കല ഡിവൈഎസ്പിയുടെ നേതൃത്തില്‍ റൂറല്‍ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നായി വന്‍ പോലീസ് സംഘം മുതലപ്പൊഴിയിലെത്തി. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മുതലപ്പൊഴി ഹാര്‍ബറിന് സമീപത്തെ ഉള്‍ക്കടലില്‍ വെച്ച് ഇവരെ കണ്ടെത്തിയത്. മുതലപ്പൊഴിയില്‍ വള്ളമെത്തുമ്പോള്‍ ബന്ദികളാക്കിയ ഉദ്യോഗസ്ഥര്‍ ഏറെ ഭയപ്പാടിലായിരുന്നു.
തട്ടിക്കൊണ്ടുപോയ പോലീസ് ഉദ്യോഗസ്ഥരേയും പിടികൂടിയ മത്സ്യതൊഴിലാളികളേയും മുതലപ്പൊഴി ഹാര്‍ബറിലെ താഴംപള്ളി ലേല പുരക്ക് സമീപം എത്തിച്ചാണ് കരക്കിറക്കിയത്. പിടികൂടിയ മത്സ്യ തൊഴിലാളികള്‍ പോലീസുമായി ചെറിയ രീതിയില്‍ വാക്കേറ്റവും ഉണ്ടായി. കസ്റ്റഡിയിലെടുത്ത മത്സ്യ തൊഴിലാളികളെ ആറ്റിങ്ങല്‍ സ്റ്റേഷനില്‍ എത്തിച്ച ശേഷം വിഴിഞ്ഞത്തേക്ക് കൊണ്ട് പോകുമെന്ന് ഡിവൈഎസ്പി നിയാസ് പറഞ്ഞു. ട്രോളിംങ് നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനും പോലീസുകാരുടെ ജോലി തടസപ്പെടുത്തി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ട് പോയതിനും, പിടികൂടിയ മത്സ്യ തൊഴിലാളികള്‍ക്ക് എതിരെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ് സാദ്ധ്യത.