ഇന്നും മഴ കനക്കും, 12 ജില്ലകളിൽ യെല്ലോ അലർട്ട്, കടലിൽ പോകരുത്




 
തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് നി‍ർദ്ദേശമുണ്ട്. വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും.

ശക്തമായ കാലവർഷക്കാറ്റിനൊപ്പം കർണാടക തീരം മുതൽ വടക്കൻ മഹാരാഷ്ട്ര‌ തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുമാണ് ഈ ദിവസങ്ങളിൽ മഴ കനക്കുന്നതിന് കാരണം. നാളെയും 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി പ്രഖ്യാപിച്ചു. ഇന്ന് മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കൊളേജുകള്‍ക്ക് അവധി ബാധകമല്ല.
Previous Post Next Post