വേനൽക്കാലത്ത് 15 ശതമാനം വൈദ്യുതി നിരക്കിളവ് നൽകും: ഒമാൻ


ഒമാൻ: വേനൽക്കാലത്ത് 15 ശതമാനം വൈദ്യുതി നിരക്കിളവ് നൽകാനുള്ള നീക്കവുമായി ഒമാൻ. ഈ സമയത്ത് വലിയ രീതിയിൽ വെെദ്യുതി ഉപയോഗം കൂടാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് ആണ് നിരക്ക് കുറക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് സുൽത്താൻ ഹൈതം ബിൻ താരിഖ് നിരക്കിളവ് നിർദേശം നൽകിയത്. ഒമാനിൽ വേനലിന്റെ തുടക്കത്തിൽ തന്നെ വലിയ ചൂട് ആണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ താപനില കൂടാൻ തന്നെയാണ് സാധ്യത. 50 ഡിഗ്രി സെൽഷ്യസ് വരെ താപനില എത്തും എന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ചൂട് കൂടുന്നത് കാരണം പല വീടുകളിലും ഓഫിസുകളിലും മുഴുവൻ സമയവും എസി പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. ഇത് വലിയ വെെദ്യുതി ബിൽ വരാൻ ഇടയാക്കും. ജീവിത ചെലവ് താളം തെറ്റുന്നതിനാൽ പ്രവാസികൾ ഉൾപ്പടെയുള്ളവർ വലിയ ആശങ്കയിൽ ആയിരുന്നു. ചൂട് കൂടുമ്പോൾ ചെറിയ മുറി ആണെങ്കിലും 2 എസിയും പ്രവർത്തികേണ്ട അവസ്ഥയാണ് ഉള്ളത്. ചൂട് വലിയ രീതിയിൽ കൂടുമ്പോൾ പലപ്പോഴും വീട്ടിൽ തന്നെ കഴിയേണ്ടി വരുന്നു. ഷോപ്പിങിനോ മറ്റോ പോകാൻ നിൽക്കില്ല. ഇങ്ങനെ വീട്ടിൽ തന്നെ കഴിയുന്നത് കാരണം വൈദ്യുതി ഉപഭോഗനിരക്ക് കൂടും. സിവിൽ ഏവിയേഷൻ അതോറിറ്റി ഈ വർഷത്തെ ചൂട് കൂടുന്നത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. ഹൈമ, മർമുൾ, തുംറൈത്ത് എന്നിവയുൾപ്പെടെ നിരവധി പട്ടണങ്ങളിലും നഗരങ്ങളിലും 41 ഡിഗ്രി താപനിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ബുറൈമി, ഫഹൂദ്, റുസ്താഖ്, സമൈൽ, ആദം, ബഹ്‌ല എന്നിവിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസ് ചൂടും കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തി. ദാഹിറ ഗവർണറേറ്റിന്റെ തലസ്ഥാനമായ ഇബ്രിയിലാണ് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയായ 42 ഡിഗ്രി രേഖപ്പെടുത്തിയത്.

Previous Post Next Post